ന്യാന്‍ഡറുവ: ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യന്‍ സംഘത്തിന്റെ ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മറ്റൊരു ഇന്ത്യക്കാരനും മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.
തൃശ്ശൂര്‍ സ്വദേശി ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍. അപകടത്തില്‍ റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജോയലിന്റെയും ട്രാവസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
മൂന്ന് ദിവസത്തിനകം മൃദദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കെനിയയില്‍ നിന്ന് ലഭിക്കുന്ന വിവരം. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
ഗീത ഷോജി ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജോയല്‍, ഏബിള്‍ എന്നിവര്‍ മക്കളാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭര്‍ത്താവ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഷോജനും മകന്‍ ഏബിളും കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനാപകടം സംബന്ധിച്ച് നോര്‍ക്ക സെക്രട്ടറി കെനിയ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് നടപടികളെടുത്തുകൊണ്ടിരിക്കുന്നു.
Five Malayalis including 2 kids died in Bus accident in Kenya