അഹമ്മദാബാദ് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും ഓര്‍മ്മയായി

അഹമ്മദാബാദ് ദുരന്തത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും ഓര്‍മ്മയായി

അഹമ്മദാബാദ്: ഒരു കുടുംബം ഒന്നടങ്കം അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഓര്‍മ്മയായി മാറി. ബന്ധുക്കളോട് യാത്ര പറഞ്ഞ് പ്രതീക് ജോഷിയും കുടുംബാംഗങ്ങളും ലണ്ടനിലേക്ക് പുത്തന്‍ ജീവിതം തേടി പോയപ്പോള്‍ അത് ഒരിക്കലും തിരിച്ചുവരാതുള്ള യാത്രയെന്നു ആരും പ്രതീക്ഷിച്ചില്ല. അമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ രാജസ്ഥാന്‍ സ്വദേശി പ്രതീക് ജോഷിയും ഭാര്യയും മൂന്നു മക്കളും ഉള്‍പ്പെടുന്നു. ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പ്രതീക് മക്കളേയും ഭാര്യയേയും ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായാണ് ഇത്തവണ നാട്ടിലേക്ക് എത്തിയത്.

ജീവിതത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ യാത്ര ആരംഭിച്ച ഒരു കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പ്രതീകിന്റെ ബന്ധുക്കള്‍. രാജസ്ഥാനിലെ ബന്‍സ്വരയാണ് ഇവരുടെ സ്വദേശം.
പ്രതീക് ജോഷിയുടെ ഭാര്യ കോമി വ്യാസ് ഡോക്ടറാണ്. പ്രതീക് ജോഷിയോടൊപ്പം ലണ്ടനിലേക്ക് പോകുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെ ജോലിയില്‍ നിന്ന് കോമി വ്യാസ് രാജി വെച്ചത്. ഇരട്ട പെണ്‍മക്കള്‍ ഉള്‍പ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബം ഒന്നടങ്കം വിമാനദുരന്തത്തില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.

Five members of a family were killed in the Ahmedabad tragedy
Share Email
Top