തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ നദികളുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കി. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിലുള്ളത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, വയനാട്, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട- അച്ചന്‍കോവില്‍ (കോന്നി ജിഡി സ്റ്റേഷന്), കാസര്‍കോട് കരിയങ്കോട് (ഭീമനദി സ്റ്റേഷന്), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന് ), മൊഗ്രാല്‍ (മധുര് സ്റ്റേഷന്) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം സംസ്ഥാനത്തെ ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് അടുത്ത മൂന്നു മണിക്കൂര്‍ മാത്രം ഓറഞ്ച് അലര്‍ട്ട് ആണ്. ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിട്ടുള്ളത്.
heavy rain in kerala-education institution in 9 Districts remain closed