നിഷ്പക്ഷമായി നില്‍ക്കില്ല: അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഹിസ്ബുള്ള

നിഷ്പക്ഷമായി നില്‍ക്കില്ല: അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഹിസ്ബുള്ള

ബെയ്‌റൂട്ട്: ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് ഉചിതമായത് ചെയ്യുമെന്ന് വ്യക്തമാക്കി ഹിസ്ബുള്ള. അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹിസ്ബുള്ള രംഗത്തെത്തിയിരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷമായി നില്‍ക്കില്ലെന്ന് ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ഷെയ്ഖ് നയിം ഖസ്സം പറഞ്ഞു. ഇപ്പോഴത്തെ സംഘര്‍ഷം ക്രൂരമായ ഇസ്രയേല്‍-അമേരിക്ക ആക്രമണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്തില്‍ ഇടപെടരുതെന്ന് കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് പ്രത്യേക പ്രതിനിധി ടോം ബറോക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള ഇടപെടുന്നത് ഏറ്റവും മോശം തീരുമാനമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരില്‍ തനിക്ക് പറയാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇതിനെതിരെ ഹിസ്ബുള്ള നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കുചേരണമോ എന്നതില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് തീരുമാനമെടുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതില്‍ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്ക ഇസ്രയേലിനൊപ്പം സംഘര്‍ഷത്തില്‍ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ പങ്കാളിയായാല്‍ പ്രദേശത്തെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖിന്റെ സായുധപോരാളികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ ഇറാനിലെ എല്ലാ ആണവ സംവിധാനങ്ങളെയും ആക്രമിക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വെയ്ക്കുമോ എന്ന ചോദ്യത്തിന് ഇറാനില്‍ ആരെയും പ്രത്യേകം ഒഴിവാക്കിയിട്ടില്ല എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

Hezbollah clarifies stance after US threat: Will do what is right, will not remain neutral

Share Email
LATEST
More Articles
Top