ഇറാന്റെ ആണവ റിയാക്ടറിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം, ടെല്‍ അവീവിലെ ആശുപത്രികള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ വര്‍ഷം

ഇറാന്റെ ആണവ റിയാക്ടറിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം, ടെല്‍ അവീവിലെ ആശുപത്രികള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ വര്‍ഷം

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ പോരാട്ടം അതിരൂക്ഷമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച് ഏഴാം ദിനമായ ഇന്ന് ഇറാന്റെ ആണവ റിയാക്ടറിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം നടത്തി. ഇതോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഭീതികരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.  

ഇരു രാജ്യങ്ങളും മിസൈല്‍ വര്‍ഷം തുടരുകയാണ്. ഇസ്രയേലിന്റെ ആക്രമണത്തിനു പ്രത്യാക്രമണമായി ഇറാന്‍ ഇസ്രയേലിന്റെ നഗരങ്ങള്‍ക്ക് നേരെ രൂക്ഷമായ വ്യോമാക്രമണമാണ് നടത്തുന്നത്. ടെല്‍ അവീസിലെ രണ്ടു ആശുപത്രികള്‍ക്ക് മുകളില്‍ മിസൈലുകള്‍ പതിച്ചു. ഇന്നലെ രാത്രി മുതല്‍ ഇറാന്‍  ബാലിസ്റ്റിക് മിസൈലുകള്‍ ഉപോയഗിച്ച് ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തുന്നത്.  ടെല്‍ അവീവ്, റമത് ഗാന്‍, ഹോളണ്‍, ബീര്‍ഷെബ എന്നീ നഗരങ്ങളിലാണ് വന്‍തോതില്‍ മിസൈല്‍ ആക്രണണമുണ്ടായത്.

ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററില്‍ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു.
സൊറോക്കോ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായതായും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും സൊറോക്ക ആശുപത്രി വക്താവ് പറഞ്ഞു.

ആശുപത്രിയില്‍ നിന്നും രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചു.  ഹോളണില്‍ ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും നിരവധി പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടായതായും  ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി, രാഷ്ട്രം ഒറ്റക്കെട്ടായി ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുമെന്നു വ്യക്തമാക്കി. ആരുടേയും  ബാഹ്യ സമ്മര്‍ദ്ദത്തിന് രാജ്യം വഴങ്ങില്ലെന്നും പ്രഖ്യാപിച്ചു. ഇറാന്‍ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിന് മറുപടിയായി ഏതൊരു അമേരിക്കന്‍ സൈനിക ആക്രമണവും ‘പരിഹരിക്കാനാവാത്ത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്’ കാരണമാകുമെന്ന് ഖമേനി മുന്നറിയിപ്പ് നല്‍കി.

Share Email
Top