ന്യൂഡല്‍ഹി: പെന്തക്കോസ്തുകാരുടെ പ്രാര്‍ത്ഥന അരോചകവും അനാവശ്യവുമാണെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ഖേദം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു ഖേദ പ്രകടനം. ഹിന്ദിയിലെ പ്രശസ്ത യൂട്യൂബറായ സംദിഷ് ഭാട്ടിയയുടെ ‘അണ്‍ഫില്‍റ്റേര്‍ഡ്’ എന്ന അഭിമുഖത്തിലാണ് ബ്രിട്ടാസ് പെന്തക്കോസ്ത് വിശ്വാസികളെ വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തിയത്.
പഞ്ചാബിലെ അറിയപ്പെടുന്ന പെന്തക്കോസ്ത് പ്രാസംഗികനായ പാസ്റ്റര്‍ ബജീന്ദറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് സംദിഷ് ചോദിച്ചപ്പോള്‍, ”ഈ പെന്തക്കോസ്തുകാരുടേത് അധിക പ്രസംഗമാണ്. എല്ലാ തെരുവുകളിലും പോയി ബൈബിള്‍ വായിക്കുക, ഇതൊക്കെ കാണുക എന്നൊക്കെ വിളിച്ചുപറഞ്ഞ് ബഹളം കൂട്ടുകയും അലമ്പുണ്ടാക്കുകയും ചെയ്യുക. ഏതൊരു പ്രവര്‍ത്തിയും അധികമായാല്‍ നന്നല്ല. ഞാന്‍ ഇതിനെ പിന്തുണക്കുന്നില്ല. ഉച്ചത്തിലുള്ളതും സംഘടിതവുമായ ഇത്തരം പ്രാര്‍ത്ഥനാ രീതികളോട് യോജിപ്പില്ല…” എന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി.
തങ്ങളെ അപമാനിച്ച ജോണ്‍ ബ്രിട്ടാസിനെതിരെ ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഒരു വിശ്വാസസമൂഹത്തെ അപമാനിച്ച് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ടെന്ന് ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയാണ് ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച്.
പെന്തക്കോസ്തുകാരെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്ത സി.പി.എം എം.പി മാപ്പു പറയണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ നാല് മണിക്കൂര്‍ നീണ്ട അഭിമുഖത്തെ മുറിച്ച് 45 മിനിറ്റാക്കിയപ്പോള്‍ ഉണ്ടായ തെറ്റിധാരണയാണിതെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അചഞ്ചലമായി പ്രവര്‍ത്തിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
John Brittas M.P apologies about his comment against pentecostal church