കെ പി ജോർജ് ഇനി റിപ്പബ്ലിക്കൻ പാർട്ടിയിൽ: പൊരുതാൻ ഉറച്ചു മുന്നോട്ടു തന്നെ

കെ പി ജോർജ് ഇനി റിപ്പബ്ലിക്കൻ പാർട്ടിയിൽ: പൊരുതാൻ ഉറച്ചു മുന്നോട്ടു തന്നെ

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: കള്ളക്കേസുകളിൽ കുടുക്കി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനിറങ്ങിയ ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചു ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്. കൗണ്ടി ജഡ്ജ് സ്ഥാനം ഒഴിഞ്ഞാൽ തനിക്കെതിരെ ഉണ്ടാക്കിയെടുത്ത കേസുകൾ ഇല്ലാതാക്കാമെന്നു തന്റെ വക്കീലിനെ അറിയിച്ച ഫോട്ബൻഡ് കൗണ്ടി ഡിസ്ട്രിക്ക്ററ് അറ്റോർണി ഓഫീസിനെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്നുച്ചയ്ക്ക് ഷുഗർലാന്റിലെ ഹാംപ്ടൺ ഇൻ കോൺഫറൻസ് റൂമിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലായിരുന്നു കെ പി ജോർജിൻ്റെ പ്രതികരണം. ഭാര്യ ഷീബ ജോർജ് മകളും മെഡിക്കൽ വിദ്യാർത്ഥിയുമായ സ്നേഹ, അദ്ദേഹത്തിന്റെ വക്കീൽ ജെറഡ് വുഡ്‌ഫിൽ എന്നിവരോടൊപ്പമാണ് പത്രസമ്മേളനത്തിനെത്തിയത്.

ഫോട്ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക്‌ പാർട്ടി അഴിമതിയുടെയും നേതാക്കന്മാരുടെ സ്വജനപക്ഷപാതത്തിന്റെയും കൊടുമുടിയേറിയിരിക്കുകയാണെന്നും സാമൂഹ്യ നന്മകൾ അവരെ സംബന്ധിച്ചിടത്തോളം അകലെയാണന്നും അദ്ദേഹം പറഞ്ഞു. താൻ തികഞ്ഞ ഈശ്വരവിശ്വാസിയാണെന്നും ക്രിസ്ത്യൻ മൂല്യങ്ങളിൽ ഉറച്ച കുടുംബമാണ് തന്റേത് എന്നും അദ്ദേഹം പറഞ്ഞു. ഫോട്ബെൻഡ് കൗണ്ടിയിലെ ജനങ്ങളുടെ വിശ്വാസവും താല്പര്യങ്ങളും കാത്തുരക്ഷിക്കുവാൻ തനിക്കു റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു. താൻ മുതിർന്ന ആളായി അമേരിക്കയിലെത്തിയതാണ്. റിപ്പബ്ലിക്കനോ ഡെമോക്രാറ്റൊ ആയി ജനിച്ചു വളർന്നവനല്ല. ഇവിടെ വന്നപ്പോൾ ഡെമോക്രാറ്റ് ആകാൻ തീരുമാനിച്ചു പക്ഷെ തെറ്റിപ്പോയി എന്ന് മനസിലായതുകൊണ്ടു തിരുത്തുന്നു.

ഫോട്ബെൻഡ് കൗണ്ടിയിലെ അനാവശ്യ ധൂർത്തുകൾക്കു സമ്മതിക്കാതിരുന്നത് മറയാക്കി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് തനിക്കെതിരെ കേസുകൾ മിനഞ്ഞെടുക്കുകയായിരുന്നു. ജോർജ് സോറോസിനെ പോലെയുള്ള കുപ്രസിദ്ധ ക്രിമിനലുകളാണ് മേല്പറഞ്ഞ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഇലക്ഷന് ഫണ്ട് നൽകിയവർ. അവർക്കു എന്നെ മാറ്റി പകരം അവരുടെ താളത്തിനു തുള്ളുന്ന ഒരാളെ കൗണ്ടി ജഡ്ജ് ആക്കണം. അതുമാത്രമാണ് അഴിമതി കഥകളുടെ പിന്നിലുള്ളത്.
കേസിൽ താൻ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും.

2026 ൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് “എന്തുകൊണ്ടില്ല ഞാൻ ഇന്നും ജഡ്ജ് ആണ്. തീർച്ചയായും മത്സരിക്കും” അദ്ദേഹം പ്രതിവചിച്ചു. ഫോട്ബെൻഡ് കൗണ്ടിയുടെ റീ ഡിസ്ട്രിക്ടിങ് നടപ്പാക്കുകതന്നെ ചെയ്യും. ഇപ്പോൾ അശാസ്ത്രീയവും താമസക്കാരുടെ കുലവും നിറവും നോക്കി ചെയ്തിരിക്കുന്ന മാപ്പുകൾ മാറ്റിവരക്കും എന്ന് നിർഭയനായി പ്രതികരിക്കുന്ന ജോർജിനെയാണ് കണ്ടത്.

ജോർജിനെതിരെ പ്രധാനമായും രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഒന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന തരൾ പട്ടേൽ പ്രതിയായിരുന്ന സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തി എന്ന കേസിൽ ജോർജിൻറെ അറിവോടെയാണ് ചെയ്തത് എന്ന കേസിൽ അത് അത്ര പ്രാധാന്യമില്ലാത്ത ‘മിസ്‌ ഡി മാനെർ’ കേസായി കോടതി കണ്ടെത്തിയിരുന്നു. മറ്റൊന്ന് തിരെഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമം നടത്തി എന്നതാണ്. 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ പണം തികയാതെവന്നപ്പോൾ ജോർജ് സ്വന്തമായ പണം ഉപയോഗിക്കുകയും ഫണ്ട് ലഭിച്ചപ്പോൾ ആ പണം വകമാറ്റുകയും ചെയ്തു എന്നതാണ്. ഇത് തിരഞ്ഞെടുപ്പുകളിൽ നടക്കാറുള്ളതാണെന്നും കൃത്യമായ കണക്കുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ജോർജ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ഈ കസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

KP George determined to fight in the Republican Party

Share Email
LATEST
More Articles
Top