സുജിത്ത് ചാക്കോ
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഇദംപ്രഥമമായി ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരമായ മാഗ് പ്രീമിയര്‍ ലീഗ് (MPL) ജൂണ്‍ 21, 22 തീയതികളില്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്ക്, ടോംബാസ് പേര്‍ലാന്‍ഡ് എന്നീ വേദികളില്‍ നടക്കും. ലീഗ് മത്സരങ്ങള്‍ പേര്‍ലാന്‍ഡിലുള്ള ടോംബാസ് സ്റ്റേഡിയത്തിലും സെമി, ഫൈനല്‍ മത്സരങ്ങള്‍ സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്ക് സ്റ്റേഡിയത്തിലും നടക്കും. അതിനുള്ള ഒരുക്കങ്ങള്‍ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


മെയ് 28 ശനിയാഴ്ച നടന്ന ടീം അംഗങ്ങളുടെ ലേലത്തില്‍ 128 രജിസ്റ്റേര്‍ഡ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. എട്ട് ടീമുകളിലായി 16 അംഗങ്ങള്‍ വീതം ലേലത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 5 മണിക്കൂര്‍ നീണ്ടു നിന്ന ലേലം അത്യന്തം ആവേശോജ്വലമായിരുന്നു. ബിജു ചാലക്കന്‍ (സ്റ്റാഫോര്‍ഡ് ലയന്‍സ്), ബിജോയ് തോമസ് (സിയന്നാ സൂപ്പര്‍ കിങ്‌സ് ), രാജേഷ് വര്‍ഗീസ് (പീര്‍ലാന്‍ഡ് പാന്തേര്‍സ്), സന്തോഷ് ആറ്റുപുറം (ലീഗ് സിറ്റി കൊമ്പന്‍സ്), ജോണ്‍ ഉമ്മന്‍ (ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍), ക്രിസ്റ്റോഫര്‍ ജോര്‍ജ് (റിച്ച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയണ്‍സ്), ടോം ഫിലിപ്പ് തോമസ് (റിവര്‍സ്റ്റോണ്‍ ജയന്റ്‌സ്), ജിജു നൈനാന്‍ (മിസോറി സിറ്റി ഫാല്‍ക്കണ്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് ലേലത്തില്‍ ടീമുകളെ പ്രതിനിധീകരിച്ചത്.

മത്സരങ്ങള്‍ക്കായി ടീമുകള്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ഡിജിറ്റല്‍ പ്രമോഷനുകളോടൊപ്പം സ്‌പോണ്‍സേഴ്‌സിന്റെ ഒരു നീണ്ട നിര തന്നെ ടീമുകള്‍ക്ക് പിന്നിലുണ്ട്. ഓരോ ടീമുകളും പ്രമോഷനുകളുമായി വീഡിയോകളും ഫ്‌ലയറുകളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ടീമുകള്‍ അതാത് ലോഗോകളും പതാകകളും, വിവിധ കലാരൂപങ്ങളും ആയി സ്റ്റേഡിയത്തില്‍ എത്തും. മാര്‍ച്ച് പാസ്റ്റ് പുതുമയേകും.




വടക്കേ അമേരിക്കയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം തന്നെ മാഗ് പ്രീമിയര്‍ ലീഗ് എന്ന ഈ പുതു ആശയത്തിന് ലഭിച്ചു കഴിഞ്ഞത് എന്ന് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ മിഖായേല്‍ ജോയ് അറിയിച്ചു.



മാഗിന്റെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ ഇതൊരു പൊന്‍തൂവല്‍ ആയി മാറും എന്ന് പ്രസിഡന്റ് ജോസ് കെ ജോണ്‍ അറിയിച്ചു. മത്സരം വന്‍ വിജയമാക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സെക്രട്ടറി രാജേഷ് വര്‍ഗീസും പിആര്‍ഒ ജോണ്‍ ഡബ്ലിയു വര്‍ഗീസും മറ്റ് ബോര്‍ഡ് അംഗങ്ങളും പറഞ്ഞു.
MAGH cricket premier league in Houston