റാഞ്ചി: ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്ററും മുൻ ഇന്ത്യൻ നായകനുമായ എംഎസ് ധോനി ‘ക്യാപ്റ്റൻ കൂൾ’ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്.
ഇപ്പോഴിതാ തന്റെ ക്യാപ്റ്റൻ കൂൾ എന്ന പേര് ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് എംഎസ് ധോനി. ഇനി മുതൽ ക്യാപ്റ്റൻ കൂൾ എന്ന പേര് മറ്റൊരാൾക്കും ഉപയോഗിക്കാൻ സാധിക്കില്ല. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ താരം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ട്രേഡ് മാർക്ക്‌സ് രജിസ്ട്രിയിലാണ് താരം അപേക്ഷ സമർപ്പിച്ചത്. ജൂൺ അഞ്ചിനാണ് ധോനി അപേക്ഷിച്ചത്.
ജൂൺ 16ന് ഔദ്യോഗിക ട്രേഡ്മാർക്ക് ജേണലിൽ ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോർട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കുള്ള വിഭാഗത്തിലാണ് ട്രേഡ്മാർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2007ലെ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് ധോനിക്ക് ക്യാപ്റ്റൻ കൂൾ വിളിപ്പേര് വന്നത്. ഗ്രൗണ്ടിൽ സമചിത്തനായി നിന്നു ടീമിനെ നയിച്ചത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധയോടെയാണ് കണ്ടത്. ഇതോടെയാണ് ക്യാപ്റ്റൻ കൂൾ വിളിപ്പേര് ധോനിക്ക് ലഭിച്ചത്.
പിന്നീട് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്തേക്കും ധോനി എത്തി. അന്താരാഷ്ട്ര, ഐപിഎൽ പോരാട്ടങ്ങളിൽ കളിച്ച കാലത്തെല്ലാം സമാന രീതിയിലുള്ള പെരുമാറ്റമായിരുന്നു ധോനിയെ വ്യത്യസ്തനാക്കിയത്.
MS Dhoni to register his name ‘Captain Cool’ as a trademark; no one else can use it