വാക് തർക്കം, പിന്നാലെ കയ്യാങ്കളി: മസ്കും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും തമ്മിൽ വൈറ്റ് ഹൗസിനുള്ളിൽ അടിപിടി?

വാക് തർക്കം, പിന്നാലെ കയ്യാങ്കളി: മസ്കും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും തമ്മിൽ വൈറ്റ് ഹൗസിനുള്ളിൽ അടിപിടി?

വാഷിംഗ്ടൺ: ട്രംപ്-മസ്ക് വാക്പോരിനിടെ വൈറ്റ്ഹൗസിൽ നടന്ന നാടകീയ സംഭവങ്ങളുടെ വിവരങ്ങൾ പുറത്ത്. മുൻ ഡോജ് മേധാവിയായ ഇലോൺ മസ്കും അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും തമ്മിൽ വൈറ്റ് ഹൗസിനുള്ളിൽ അടിപിടിയുണ്ടായി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ട്രംപിന്റെ വിശ്വസ്തനായ സ്റ്റീവ് ബാനനെ ഉദ്ധരിച്ച് ദി വാഷിംഗ്ടൺ പോസ്റ്റാണ് വൈറ്റ്ഹൗസിനുള്ളിലെ കയ്യാങ്കളി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു റഗ്ബി കളിക്കാരനെപ്പോലെ മസ്ക് തോള് കൊണ്ട് ബെസെന്റിന്റെ വാരിയെല്ലിൽ ഇടിക്കുകയായിരുന്നു സ്റ്റീവ് ബാനനെ ഉദ്ധരിച്ച് വാഷിം​ഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇരുവരും പുറത്തിറങ്ങി വൈറ്റ്ഹൗസിലെ ഒരു ഇടനാഴിയിലൂടെ നടക്കുമ്പോൾ അവർ പരസ്പരം അപമാനിക്കാൻ തുടങ്ങി. 1 ട്രില്യൺ ഡോളറിലധികം വരുന്ന സർക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ടെത്തുമെന്ന മസ്‌കിന്റെ പാലിക്കാത്ത പ്രതിജ്ഞയെ ബെസെന്റ് പരിഹസിച്ചു. ഇതാണ് ഇരുവരും തമ്മിലുള്ള കയ്യാങ്കളിക്ക് കാരണമായതെന്നാണ് ബാനനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്. ‘നീ ഒരു വഞ്ചകനാണ്. നീ ഒരു പൂർണ്ണ വഞ്ചകനാണ്’ എന്ന് ബെസെൻ്റ് പറഞ്ഞതിന് പിന്നാലെ മസ്ക് തോളുകൊണ്ട് ഒരു റ​ഗ്ബി കളിക്കാരനെപ്പോലെ ബെസൻ്റിൻ്റെ വാരിയെല്ലിന് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബെസൻ്റ് മസ്കിനെ തിരിച്ചടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും പിന്തിരിപ്പിക്കാൻ ആളുകൾ ഇടപെട്ടുവെന്നും മസ്‌കിനെ വെസ്റ്റ് വിംഗിൽ നിന്ന് പുറത്താക്കിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പ്രസിഡൻ്റ് ട്രംപ് ഇത് കടന്നകൈ ആയിപ്പോയെന്ന് അഭിപ്രായപ്പെട്ടതായും ബാനനെ ഉദ്ധരിച്ച് വാഷിം​ഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവനായിരുന്ന മസ്‌ക് രാജിവെച്ചതിന് പിന്നാലെ കണ്ണിന് മുകളിൽ കറുത്തപാടുമായി വൈറ്റ് ഹൗസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മകൻ ഇടിച്ചതാണ് മുഖത്തെ പാടെന്നായിരുന്നു മസ്കിന്റെ പ്രതികരണം. സ്കോട്ട് ബെസെന്റുമായുണ്ടായ കയ്യാങ്കളിയുടെ ഭാ​ഗമായിരുന്നു ആ കറുത്തപാടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇലോൺ മസ്‌കിന്റെ ബിസിനസുകൾക്ക് നൽകിവരുന്ന സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിൻ്റെ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മേച്ഛമായ ബിൽ എന്നായിരുന്നു മസ്ക് അതിനെ വിശേഷിപ്പിച്ചത്. മസ്കിൻ്റെ തുടർച്ചയായ പ്രതികരണങ്ങൾക്ക് പിന്നാലെയായിരുന്നു ട്രംപ് ശക്തമായ നിലപാടുമായി രം​ഗത്ത് വന്നത്. ഇതിന് പിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്ക് രം​ഗത്ത് വന്നിരുന്നു. ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത് പുറത്ത് വരാത്തതെന്നുമുള്ള ​ഗുരുതര ആരോപണവും മസ്ക് ഉന്നയിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്നും മസ്ക് പിന്നീട് പിന്നോട്ട് പോയിരുന്നു.

Musk and US Treasury Secretary Scott Besant got into a fight inside the White House

Share Email
Top