ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ഖത്തറിലെ അൽഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ദോഹയിൽ സ്‌ഫോടനശബ്ദം കേട്ടതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആരംഭിച്ച മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങളെന്നപേരിൽ ചില വീഡിയോകളും ഇറാനിൽനിന്നുള്ള സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദോഹയിൽനിന്നുള്ള വീഡിയോകളെന്ന് അവകാശപ്പെട്ടാണ് സാമൂഹികമമാധ്യമമായ എക്‌സിലടക്കം ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങൾക്ക് നേരേ ആക്രമണം നടത്തുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തിങ്കളാഴ്ച ഖത്തർ വ്യോമപാത അടച്ചിരുന്നു. താമസക്കാരുടേയും സന്ദർശകരുടേയും സുരക്ഷ മുൻ നിർത്തിയാണ് തീരുമാനമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അമേരിക്കൻ പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് യുഎസ് എംബസിയും നിർദേശിച്ചു. ഖത്തറിലെ അമേരിക്കൻ പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Iran attacks US military bases: Qatar closes airspace after warning of attack