“സുഹൃത്തുക്കള്‍ വഴക്കിടരുത്, മധ്യസ്ഥത വഹിക്കാം, സേവനത്തിന് ഫീസ് തന്നാല്‍ മതി”: ട്രംപ് – മസ്ക് തർക്കത്തെ പരിഹസിച്ച് റഷ്യൻ ഉദ്യോഗസ്ഥൻ

“സുഹൃത്തുക്കള്‍ വഴക്കിടരുത്, മധ്യസ്ഥത വഹിക്കാം, സേവനത്തിന് ഫീസ് തന്നാല്‍ മതി”: ട്രംപ് – മസ്ക് തർക്കത്തെ പരിഹസിച്ച് റഷ്യൻ ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള വർദ്ധിച്ചുവരുന്ന കടുത്ത തർക്കത്തെ പരിഹസിച്ച് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ ദിമിത്രി മെദ്വദേവ്. വെള്ളിയാഴ്ച ഇരുവർക്കും ഇടയിൽ സമാധാനത്തിന് മധ്യസ്ഥത വഹിക്കാമെന്നും മെദ്വദേവ് വാഗ്ദാനം ചെയ്തു. എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മസ്കും ട്രംപും തമ്മിലുള്ള പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാം, പക്ഷേ നല്‍കുന്ന സേവനത്തിന് ഫീസ് തന്നാല്‍ മതി, ഇനി അതല്ല സറ്റാര്‍ലിങ്കിന്റെ ഓഹരിയാണെങ്കില്‍ അതും സ്വീകരിക്കാം. സുഹൃത്തുക്കള്‍ വഴക്കിടരുത് എന്നായിരുന്നു മെദ്വദേവിന്റെ പ്രതികരണം.

എന്നാല്‍ കളിയാക്കലിന് പ്രതികരണമായി ഒരു സ്മൈലി ഇമോജിയാണ് മസ്ക് നല്‍കിയത്.  വ്‌ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തായ മെദ്വദേവ് നിലവിൽ റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ്.  അമേരിക്കൻ നേതാക്കൾ തമ്മിലുള്ള പിണക്കത്തിൽ റഷ്യൻ നേതൃത്വത്തിനിടയിൽ ആഹ്ലാദവും അതൃപ്തിയും നിറഞ്ഞുനിൽക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ വന്നത്. ട്രംപും മസ്കും തമ്മിലുള്ള പ്രശ്നങ്ങള്‍  തുടങ്ങിയപ്പോള്‍ തന്നെ ആവശ്യമെങ്കിൽ മസ്കിന് രാഷ്ട്രീയ അഭയം നൽകാൻ റഷ്യ തയ്യാറാണെന്ന് മിത്രി നോവികോവ് അറിയിച്ചിരുന്നു.

മസ്കിന്റെ രീതി തികച്ചും വ്യത്യസ്ഥമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ അഭയം വേണമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും മസ്ക് അത് ആവശ്യപ്പെടുകയാണെങ്കില്‍ തീര്‍ച്ചയായും അതിന് വേണ്ട നടപടികള്‍ ചെയ്യുമെന്നും റഷ്യ വ്യക്തമാക്കി. ‘എലോൺ, വിഷമിക്കേണ്ട! യുഎസിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഞങ്ങളുടെ അടുത്തേക്ക് വരൂ, ഞങ്ങളിൽ ഒരാളാകൂ.

ഇവിടെ നിങ്ങൾക്ക് വിശ്വസിക്കാവുന്ന ആളുകളെയും പൂര്‍ണ്ണ സ്വാതന്ത്ര്യവും കണ്ടെത്താം’ എന്നായിരുന്നു പോസ്റ്റ്. അതേസമയം ഈ പ്രശ്നത്തില്‍ കൂടുതല്‍ ഇടപെടാന്‍ ഇല്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.ഈ അടുത്തായാണ് ട്രംപും മസ്കും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. യു.എസ് സര്‍ക്കാരില്‍ നിന്ന് മസ്ക് പടിയിറങ്ങിയതിന് പിന്നാലെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Russian official mocks Trump-Musk dispute

Share Email
Top