ദേശീയപാത 66ൻറെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയതാണ്. മലബാർ മേഖലയിൽ ആറു വരിയായി പാത വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പാതയിൽ പലയിടത്തും ഒരൊറ്റ മഴയിൽ തന്നെ വലിയ വിള്ളലുകളുണ്ടാവുന്നതും ഇടിഞ്ഞു വീഴുന്നതും. അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച ഹൈവേ നിർമാണം ഇപ്പോൾ ജനങ്ങളിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്ന അവസ്ഥയായിട്ടുണ്ട്.
ഏറ്റവും മികച്ച യാത്രാനുഭവം നൽകുമെന്ന് അവകാശപ്പെടുന്ന പാത സുരക്ഷിതമാണോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുന്നു. ദേശീയപാതയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ടതു ദേശീയപാതാ അഥോറിറ്റിയുടെ ചുമതലയാണ്. അവർ അതു ചെയ്യുന്നുവെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കുകയും വേണം.
നൂറു ശതമാനവും സുരക്ഷിതമാണെന്ന് ഉറപ്പായ ശേഷമേ പുതിയ ഹൈവേ ഗതാഗതത്തിന് ഉപയോഗിക്കാനാവൂ. ഇപ്പോൾ നടത്തിയിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ എന്തു പോരായ്മയാണുള്ളതെന്നു കണ്ടെത്തി തിരുത്തലുകൾ വരുത്തേണ്ടിവരും.
പ്രകൃതിക്ഷോഭത്തിൽ ഏതു മനുഷ്യനിർമ്മിതികളും തകർന്നുവീഴാം. അതിന് ആരെയും പഴിക്കാനാവില്ല. അത് പ്രകൃതിയുടെ നിശ്ചയമാണെന്നു കരുതി പുതുക്കിപ്പണിയാനേ കഴിയൂ. യുദ്ധക്കെടുതികളുടെ ഭാഗമായും വലിയ നിർമ്മിതികൾ തവിടുപൊടിയാകാം. അതിനു കാരണക്കാരൻ മനുഷ്യൻ തന്നെയാണ്. എന്നാൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയും അപകടങ്ങളുടെ മുന്നറിയിപ്പ് കിട്ടിയിട്ടും അതു പാലിക്കാതെയും ചെയ്യുന്ന നിർമ്മിതികൾ പാതിവഴിക്ക് ഇടിഞ്ഞുവീഴുന്നതിന് നിർമ്മാണഘട്ടത്തിലെ ഗുരുതരമായ പിഴവുകളല്ലാതെ മറ്റൊരു കാരണമില്ല. അതിന്റെ ഉത്തരവാദി ആ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി തന്നെയാണ്.
അതോടൊപ്പം തന്നെ അതിന് മേൽനോട്ടം വഹിച്ച സർക്കാരിന്റെ ഉദ്യോഗസ്ഥരും തികച്ചും ഉത്തരവാദികളാണ്. മലപ്പുറം ജില്ലയിലെ കൂരിയാട് നിർമ്മാണത്തിലിരുന്ന ദേശീയപാത മഴക്കാലം എത്തുന്നതിനു മുമ്പുതന്നെ ഇടിഞ്ഞുതാണതിന്റെ പ്രാഥമിക ഉത്തരവാദിത്വം കരാറെടുത്ത കമ്പനിക്കു തന്നെയാണ്. അതോടൊപ്പം, ദേശീയപാതാ അതോറിട്ടിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
കരാറെടുത്ത കെ.എൻ.ആർ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കമ്പനി ചെലവിൽ തകരാർ തീർക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ഉടനടി ഇത്തരം ശിക്ഷാനടപടികൾ സ്വീകരിച്ചത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഇവിടെ എന്തുകൊണ്ട് ഇടിച്ചിൽ ഉണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പാകപ്പിഴകൾ എവിടെയെങ്കിലും ആവർത്തിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള സത്വര നടപടികളാണ്.
Safety concerns on the national highway