ആണവപദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കും: ഭീഷണിയുമായി ട്രംപ്

ആണവപദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കും: ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: ആണവപദ്ധതിയുമായി ഇറാൻ മുന്നോട്ടുപോകുകയാണെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ആണവകേന്ദ്രങ്ങളിലെ യുഎസ് ആക്രമണം കാര്യമായി ഏശിയില്ലെന്നും ഖത്തറിലെ സേനാതാവളങ്ങളിൽ നടത്തിയ ആക്രമണം യുഎസിന്റെ മുഖത്തടിക്കും പോലെയായിരുന്നെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ഇറാനുള്ള ഉപരോധങ്ങളിൽ ഇളവു വരുത്തുന്ന കാര്യത്തിൽ ഇനി ചർച്ചയില്ലെന്നും പ്രഖ്യാപിച്ചു.
ഖമനയി ഇപ്പോഴും ജീവനോടെയിരിക്കുന്നതിനു കാരണം താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. ‘ഖമനയിയുടെ ഒളിവിടം എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ വധിക്കുന്നതിൽനിന്ന് ഇസ്രയേലിനെയും യുഎസ് സേനകളെയും ത‌ടഞ്ഞതു ഞാനാണ്. പരമദയനീയമായൊരു അന്ത്യത്തിൽനിന്നാണ് ഞാൻ അദ്ദേഹത്തെ രക്ഷിച്ചത്’– ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു.  

ഇറാനുമായി ആണവ കരാർ ആഗ്രഹിക്കുന്നെങ്കിൽ ഖമനയിയെക്കുറിച്ച് ‌‌ട്രംപ് അൽപം കൂടി ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പ്രതികരിച്ചു. 
ഇതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സേനാ കമാൻഡർമാരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ 60 പേരുടെ സംസ്കാരച്ചടങ്ങുകൾ ടെഹ്റാനിലെ ആസാദി സ്ക്വയറിൽ ഇന്നലെ ‌നടന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് വൻ ജനപങ്കാളിത്തമായിരുന്നു.

Trump threatens to attack Iran again if it goes ahead with nuclear program

Share Email
Top