വാക്പോര് അതിരൂക്ഷം: മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ്, വൈറ്റ് ഹൗസിലെ ചുവന്ന ടെസ്‌ല കാർ വിൽക്കും

വാക്പോര് അതിരൂക്ഷം: മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ്, വൈറ്റ് ഹൗസിലെ ചുവന്ന ടെസ്‌ല കാർ വിൽക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസി‍‍‌‍ഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കുമായുള്ള പോര് മുറുകുന്നു. മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ്. വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മാർച്ച് ഒന്നിനാണ് ട്രംപ് ടെസ്‌ല കാർ വാങ്ങിയത്. ടെസ്‌ലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു ഈ നീക്കം.

ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇരുവരുടെയും സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഈ പോര് നടന്നു കൊണ്ടിരിക്കുന്നത്. ട്രംപ് ഭരണത്തിലെ എക്സ് ഫാക്ടർ, രാജ്യത്തിന്‍റെ സാമ്പത്തിക, വ്യാവസായിക, നയതന്ത്ര നിലപാടുകളിലും നയങ്ങളിലും എല്ലാം പ്രസിഡന്‍റിന് പിന്നിൽ നിന്ന് ചരടുവലിച്ച ബുദ്ധികേന്ദ്രം, ഗവൺമെന്റ് എഫിഷ്യൻസി നിയന്ത്രിക്കാൻ രൂപീകരിച്ച വകുപ്പിന്‍റെ തലവൻ, അങ്ങനെ അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തനായിരുന്ന ഇടത്ത് നിന്നാണ് ഇലോൺ മസ്ക് ഇപ്പോൾ ട്രംപിന്‍റെ ശത്രുപക്ഷത്തേക്ക് മാറിയിരിക്കുന്നത്.

സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് ലോകത്തെ തന്നെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന രീതിയിൽ പലതും നടപ്പാക്കുന്ന മസ്കിന്‍റെ രീതി ട്രംപിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ വല്ലാതെ പ്രോത്സാഹിപ്പിച്ചു. പക്ഷെ ഇപ്പോൾ, അന്ന് അംഗീകരിച്ചതെല്ലാം പുറത്തേക്ക് വലിച്ചെറിയുകയാണ് അമേരിക്കൻ പ്രസിഡന്‍റ്.

ധനവിനിയോഗ നിർദേശം അടക്കം ചിലതിൽ ഇരുവർക്കും യോജിക്കാൻ കഴി‌ഞ്ഞില്ല. പിന്നാലെ സർക്കാരിലെ പദവി മസ്ക് ഒഴിഞ്ഞു. ഇപ്പോൾ കാണുന്നത് കൊണ്ടുപിടിച്ച യുദ്ധമാണ്. രൂക്ഷമായ വാക്പോരാണ് നടക്കുന്നത്. മസ്കിന്റെ കമ്പനിക്കുള്ള സർക്കാർ സബ്സിഡികൾ നിർത്തലാക്കുമെന്ന് ട്രംപ് പറയുന്നു. ടെസ്ല പൂട്ടിക്കും. എന്നാൽ കരാറുകൾ റദ്ദാക്കിയാൽ അമേരിക്കയ്ക്ക് വേണ്ടി തന്‍റെ കമ്പനിയായ സ്പേക്സ് എക്സ് ബഹിരാകാശത്തേക്ക് അയച്ച പേടകം പിൻവലിക്കുമെന്ന് മസ്ക് മറുപടി നൽകി. തെരഞ്ഞെടുപ്പ് ജയിപ്പിച്ച തന്നോട് ട്രംപ് നന്ദികേട് കാട്ടി എന്നാണ് മസ്ക് പറയുന്നത്.

അമേരിക്കയെ ട്രംപ് വലിയ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹത്തെ പ്രസിഡന്‍റ് പദവിയിൽ നിന്ന് മാറ്റി ജെഡി വാൻസിനെ പ്രസിഡന്‍റ് ആക്കണമെന്നും ആണ് മസ്കിന്‍റെ നിര്‍ദേശം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് വരെ ആവശ്യപ്പെടുന്ന തലത്തിലേക്ക് ഇലോൺ മസ്ക് എത്തി.

അമേരിക്കയെ പിടിച്ചുകുലുക്കിയ, ഏറെ വിവാദമായ ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക പീഡന കേസിൽ ട്രംപിന് പങ്കുണ്ടെന്ന് വരെ മസ്ക് ആരോപിക്കുന്നു. ആ ഫയൽ പൂഴ്ത്തിവയ്ക്കുന്നത് ട്രംപിന്‍റെ പേരുള്ളത് കൊണ്ടാണെന്നും മസ്കിന്‍റെ ആരോപണം. ഇലോൺ മസ്കിനെ കൂട്ടുപിടിച്ചാണ് വലിയ പരിഷ്കാരങ്ങൾ പലതും നടപ്പാക്കാൻ ട്രംപ് ഭരണകൂടം തയ്യാറായത്. ഉയർന്ന താരിഫുകൾ മാന്ദ്യ ഭീഷണി ഉയർത്തുന്ന ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഇവർ ഉടക്കി പിരിഞ്ഞ് പരസ്പരം വെല്ലുവിളിക്കുന്നത്.

Trump to end relationship with Musk

Share Email
LATEST
More Articles
Top