വാഷിങ്ടൺ: അഴിമതി കേസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ക്രിമിനൽ വിചാരണ അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ നെതന്യാഹുവിനെ വാനോളം പുകഴ്ത്തി ട്രംപിന്റെ നീണ്ട കുറിപ്പ്. നെതന്യാഹുവിനെ അടുപ്പക്കാർ വിളിക്കുന്ന ‘ബിബി’ എന്ന പേരാണ് കുറിപ്പിലുടനീളം ട്രംപ് ഉപയോഗിച്ചിരിക്കുന്നത്.
നെതന്യാഹുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപ് ആരോപിച്ചു. ‘ബ്രേക്കിങ് ന്യൂസ്… ഇസ്രായേൽ രാഷ്ട്രം അവരുടെ മഹാനായ യുദ്ധകാല പ്രധാനമന്ത്രിക്കെതിരെ പരിഹാസ്യമായ മന്ത്രവാദ വേട്ട തുടരുകയാണെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി! ബിബി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളാണ് ഇസ്രായേൽ അനുഭവിച്ചത്. 2020ൽ വിചാരണ ആരംഭിച്ചതുമുതൽ നെതന്യാഹു ‘ഹൊറർ ഷോ’യിലൂടെയാണ് കടന്നുപോകുന്നത്. ബിബി നെതന്യാഹുവിന്റെ വിചാരണ ഉടനടി റദ്ദാക്കണം. അല്ലെങ്കിൽ രാജ്യത്തിനായി വളരെയധികം കാര്യങ്ങൾ ചെയ്ത മഹാനായ നായകന് മാപ്പ് നൽകണം. ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്കയാണ്, ഇപ്പോൾ അമേരിക്കയാണ് ബിബി നെതന്യാഹുവിനെ രക്ഷിക്കാൻ പോകുന്നത്. ഈ ‘നീതി’ യാത്ര അനുവദിക്കാനാവില്ല!” -ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ഈ മാസം ആദ്യം നെതന്യാഹുവിന്റെ ക്രോസ് വിസ്താരം ആരംഭിച്ചിരുന്നു. എന്നാൽ, ജൂൺ13ന് ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതോടെ രജ്യത്തെ കോടതികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഇത് പുനരാരംഭിക്കാനിരിക്കെയാണ് ഇസ്രായേലി നീതിന്യായ വ്യവസ്ഥയിൽ അമേരിക്കൻ പ്രസിഡന്റിന്റെ അഭൂതപൂർവമായ ഇടപെടൽ. താനും നെതന്യാഹുവും നരകത്തിലൂടെ ഒരുമിച്ച് കടന്നുപോയതായും ട്രംപ് പറഞ്ഞു. ‘വളരെ ശക്തനും മിടുക്കനുമായ ദീർഘകാല ശത്രുവായ ഇറാനോടാണ് ഇസ്രായേൽ പോരാടിയത്. വിശുദ്ധ ഭൂമിയോടുള്ള അവിശ്വസനീയമായ സ്നേഹത്തിൽ ബിബിക്ക് ഇതിലും മികച്ചതോ, ശക്തനോ ആകാൻ കഴിയില്ലായിരുന്നു” -ട്രംപ് പറഞ്ഞു. ഇത്രയും സംഭാവന നൽകിയ ഒരാൾക്കെതിരെ നിയമവേട്ട എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. മൂന്ന് അഴിമതി കേസുകളിലാണ് നെതന്യാഹു വിചാരണ നേരിടുന്നത്. വിശ്വാസവഞ്ചന, കൈക്കൂലി കുറ്റങ്ങളും അദ്ദേഹത്തിനെതിരെയുണ്ട്.
Trump wants to end Netanyahu’s criminal trial in corruption case