യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അത് ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘നിരാശരായ സാധാരണക്കാരെ സൈനികവൽക്കരിക്കപ്പെട്ട മേഖലകളിലേക്ക് നയിക്കുന്ന ഏതൊരു പ്രവർത്തനവും സുരക്ഷിതമല്ല. അത് ആളുകളെ കൊല്ലുകയാണ്’ -ഗുട്ടെറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവാദമായ പുതിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിലൂടെ യു.എൻ പ്രവർത്തിക്കണമെന്ന് ഇസ്രായേലും അമേരിക്കയും ആവശ്യപ്പെട്ടെങ്കിലുംയു.എൻ ആവശ്യം നിരസിച്ചു. അതിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയും വിതരണ മാതൃക സഹായത്തെ സൈനികവൽക്കരിക്കുകയും നാടുകടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
ഇതിലൂടെ യു.എൻ നയിക്കുന്ന മാനുഷിക ശ്രമങ്ങൾ കഴുത്ത് ഞെരിക്കപ്പെടുകയാണ്. സഹായ തൊഴിലാളികൾ തന്നെ പട്ടിണിയിലാണെന്നും അധിനിവേശ ശക്തിയായ ഇസ്രായേൽ ഫലസ്തീൻ എൻക്ലേവിലും മറ്റെല്ലായിടത്തെയും യു.എൻ സഹായ വിതരണം അംഗീകരിക്കുകയും സുഗമമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു.
സ്വന്തം കുടുംബങ്ങളെ പോറ്റാൻ ശ്രമിക്കുന്നതിനിടെ ആളുകൾ കൊല്ലപ്പെടുന്നു. ഭക്ഷണത്തിനായുള്ള അന്വേഷണം ഒരിക്കലും വധശിക്ഷയായിരിക്കരുത്. ഗസ്സയിൽ വെടിനിർത്തലിനുള്ള രാഷ്ട്രീയ ധൈര്യം കണ്ടെത്തേണ്ട സമയമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.
മെയ് 19ന് ഇസ്രായേൽ ഗസ്സയിൽ 11 ആഴ്ചത്തെ സഹായ ഉപരോധം നീക്കിയതിനു പിന്നാലെ ഭക്ഷണ വിതരണം പരിമിതമായി പുനഃരാരംഭിക്കാൻ അനുവദിച്ചതിനുശേഷം 400ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പറയുന്നു. അവരിൽ ഭൂരിഭാഗവും ജി.എച്ച്.എഫ് സൈറ്റുകളിൽ എത്താൻ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടതെന്നും മുതിർന്ന യു.എൻ ഉദ്യോഗസ്ഥൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ഗുട്ടെറസിന് മറുപടിയായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഇസ്രായേൽ സൈന്യം ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടുന്നില്ലെന്ന് വാദിച്ചു. ജി.എച്ച്.എഫ് സഹായ പ്രവർത്തനത്തെ എതിർക്കാൻ യു.എൻ ‘കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും’ അവകാശപ്പെട്ടു.
UN Secretary-General Antonio Guterres says US-backed aid operation in Gaza is unsafe