ഇറാനിലെ യു.എസ് ആക്രമണത്തെ അപലപിക്കണമെന്ന് കോൺഗ്രസ്‌; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടു

ഇറാനിലെ യു.എസ് ആക്രമണത്തെ അപലപിക്കണമെന്ന് കോൺഗ്രസ്‌; നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിൻറെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്ത മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുവെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ച നടത്തേണ്ടതിൻറെ അനിവാര്യതയെക്കുറിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഊന്നിപ്പറയുകയാണ്. ഇതുവരെ കാണിച്ചതിനേക്കാൾ ധാർമിക സ്ഥൈര്യം മുന്നോട്ടുവെക്കാൻ ഇന്ത്യൻ സർക്കാറിനാകണം. യു.എസ് ബോംബാക്രമണത്തെയോ ഇസ്രായേലിൻറെ പ്രകോപനത്തെയോ അപലപിക്കാൻ മോദി സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഗസ്സയിൽ ഫലസ്തീനികളെ വംശഹത്യ നടത്തുന്നതിലും സർക്കാർ മൗനം പാലിക്കുകയാണ്’ ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് ബോംബാക്രമണം നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തുവന്നത്. മേഖലയിലാകെ ആശങ്ക ഉയർത്തുന്ന തരത്തിലുള്ള സമീപനമാണ് യു.എസിൻറെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇറാനൊപ്പം സഖ്യകക്ഷികൾ ചേർന്ന് യുദ്ധം വ്യാപിക്കാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. സംഘർഷം രൂക്ഷമായിട്ടും കാര്യമായ ഇടപെടൽ നടത്താനോ സമാധാന ശ്രമങ്ങളോ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

US bombing in Iran: Congress criticizes Modi government

Share Email
Top