ഇറാൻ്റെ ആക്രമണങ്ങളിൽ ടെൽ അവീവിലെ യുഎസ് എംബസി കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്രായേലിലെ യുഎസ് അംബാസഡർ റിപ്പോർട്ട് ചെയ്തു. ജറുസലേമിലെ യുഎസ് എംബസിയും കോൺസുലേറ്റും താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്. യുഎസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിയൻ മിസൈൽ ആക്രമണങ്ങളുടെ ആഘാതം കോൺസുലേറ്റിനെ ബാധിച്ചതായി അംബാഡസർ മൈക്ക് ഹക്കബി എക്‌സിൽ പോസ്റ്റ് ചെയ്തു.
എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്. സംഭവത്തെത്തുടര്‍ന്നും സുരക്ഷിതയിടങ്ങളില്‍ തുടരാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലും എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടുകയാണെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്റെ ശക്തമായ ആക്രമണമാണുണ്ടായത്. മധ്യ ഇസ്രയേലിലെ നാലിടങ്ങളില്‍ മാത്രം 67 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. പലയിടത്തും കെട്ടിടങ്ങളും വാഹനങ്ങളും കത്തിയമര്‍ന്നു. ഹൈഫയിലെ പവര്‍പ്ലാന്റിന് നേരേയും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തെത്തുടര്‍ന്ന് മധ്യഇസ്രയേലിലെ പവര്‍ഗ്രിഡിന് തകരാര്‍ സംഭവിച്ചതായി ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
US Embassy in Israel damaged in Iranian attack, embassy temporarily closed