വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഇറാനില്‍ ആണവ കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയത് ആക്രമണം തുടങ്ങുന്നതിനു മിനിറ്റുകള്‍ക്ക് മുമ്പ്. ഓപ്പറേഷന് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണ അനുമതി നല്‍കിയതെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യക്തമാക്കി.
ആണവ കേന്ദ്രത്തില്‍ ബോംബ് വര്‍ഷിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇറാനെ ആക്രമിക്കാനുള്ള അന്തിമ തീരുമാനം യുഎസ് പ്രസിഡന്റ് എടുത്തുവെന്നാണ് വാന്‍സിന്റെ വെളിപ്പെടുത്തല്‍. അവസാന നിമിഷം വരെ ദൗത്യം റദ്ദാക്കാന്‍ ട്രംപ് പരമാവധി ശ്രമിച്ചു. എന്നാല്‍ ഇറാന്റെ ഭാഗത്തു നിന്നുമുള്ള നിഷേധാത്മക നിലപാടിനെ തുടര്‍ന്നാണ് അതി ശക്തമായ നിലപാടിലേക്ക് കടന്നത്.
ദിവസങ്ങളോളം നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നും നിരവധി സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
ഇസ്രയേലിന്റെ സൈനിക നീക്കത്തില്‍ അമേരിക്ക ഇടപെടുന്നതിലേക്ക് ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോള്‍, രണ്ടാഴ്ചത്തെ ആലോചനാ കാലാവധി പ്രഖ്യാപിക്കാന്‍ ട്രംപ് നേരത്തെ തന്റെ പ്രസ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിരുന്നു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അന്തിമ അനുമതി ലഭിച്ചത്.
ഇതൊരു വളരെ നിര്‍ണായകമായ നിമിഷമാണെന്നും വൈറ്റ് ഹൗസ് ഇറാന്റെ അടുത്ത നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാന്‍സ് വ്യക്തമാക്കി. യുഎസ് സേനയ്ക്കെതിരെ തിരിച്ചടിക്കുമോ അതോ ആണവ അഭിലാഷങ്ങളുമായി മുന്നോട്ട് പോകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
Vance says Trump authorized attack on Iran nuclear facility at last minute