ട്രാവേഴ്സ് സിറ്റി: വടക്കൻ മിഷിഗണിലെ ട്രാവേഴ്സ് സിറ്റിയിലെ വാൾമാർട്ട് സ്റ്റോറിലുണ്ടായ കത്തിക്കുത്തിൽ 11 പേർക്ക് കുത്തേറ്റു. ഇതൊരു യാദൃശ്ചികമായ അക്രമണമാണ് എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമിയെ പിടികൂടിയതായും അധികൃതർ കൂട്ടിച്ചേർത്തു. 42 വയസ്സുള്ള ഒരാൾ വൈകുന്നേരം 4:45 ഓടെ സ്റ്റോറിൽ പ്രവേശിക്കുകയും ഒരു ഫോൾഡിംഗ് കത്തി ഉപയോഗിച്ച് നിരവധി ആളുകളെ ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഷെരീഫ് ഡെപ്യൂട്ടി പ്രതിയെ പിടികൂടി. സ്റ്റോർ ജീവനക്കാരും അക്രമിയെ തടയുന്നതിനും പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും സഹായിച്ചു.
പതിനൊന്ന് പേർക്ക് പരിക്കേറ്റത് വളരെ അധികമാണ്. എന്നാൽ അതിൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരുന്നത് ദൈവാനുഗ്രഹമാണ് എന്ന ഗ്രാൻഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കിൾ ഷെ പറഞ്ഞു.
സംഭവത്തിന് തൊട്ടുപിന്നാലെ ഒരു ഫയർ ട്രക്ക്, നിരവധി പോലീസ് വാഹനങ്ങൾ, യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ എന്നിവരെ സ്റ്റോറിന് പുറത്ത് കണ്ടു. അന്വേഷണം ആരംഭിച്ചതോടെ പ്രദേശം വളഞ്ഞു.
പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയായ മുൻസൺ ഹെൽത്ത്കെയറിലാണ് ആക്രമണത്തിൽ പരിക്കേറ്റ 11 പേരെയും പ്രവേശിപ്പിച്ചത്. ആറ് രോഗികളുടെ നില ഗുരുതരമാണെന്നും അഞ്ച് പേരുടെ നില ഗുരുതരമല്ലെന്നും ആശുപത്രി വക്താവ് മേഗൻ ബ്രൗൺ അറിയിച്ചു. അക്രമി മിഷിഗണിലെ താമസക്കാരനാണെന്ന് കരുതുന്നതായും എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതായും ഷെരീഫ് ഷെ പറഞ്ഞു.