കൊച്ചി : സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് അമ്മയ്ക്കും മക്കൾക്കും പൊള്ളലേറ്റ സംഭവത്തിൽ 2 കുട്ടികൾ മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. അപകടത്തിൽ കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്‌സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്.
ഒന്നര മാസം മുൻപാണ് മാർട്ടിൻ മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എൽസി. അസുഖബാധിതയായിരുന്ന എൽസി ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളത്തെ അവധിക്കു ശേഷം വ്യാഴാഴ്ച ജോലിയിൽ പ്രവേശിച്ചതേയുള്ളൂ.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി ജോലികഴിഞ്ഞു കാറിൽ വീട്ടിലെത്തിയ ശേഷം പുറത്തുപോകാനായി മക്കളുമായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിൻഭാഗത്തു നിന്നു തീപടരുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ആളുകളെത്തുമ്പോൾ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നു. എൽസിയുടെ ശരീരത്തിൽ തീ പടർന്നുപിടിച്ചിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്. മുത്തശ്ശിയുടെ പരുക്ക് സാരമുള്ളതല്ല.
തീ ആളിക്കത്തുന്നതിനിടെ ഡോർ ലോക്കായി നാലുപേരും കുടുങ്ങിയതായാണു വിവരം. പിന്നിലിരുന്ന ഇളയ കുട്ടികൾക്കാണു ഗുരുതരമായി പൊള്ളലേറ്റത്. ആൽഫ്രഡിന് 75 ശതമാനവും എമിലീനയ്ക്ക് 65 ശതമാനവും പൊള്ളലേറ്റിരുന്നു. നാട്ടുകാർ വെള്ളം പമ്പ് ചെയ്താണു തീയണച്ചത്. പൊള്ളലേറ്റവരെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്നു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് ഗുരുതര പൊള്ളലേറ്റ എൽസി, ആൽഫ്ര!ഡ്, എമിലീന എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ അപകട സ്ഥലത്തേക്ക് എത്തിപ്പെടാനായില്ല.
2 children die after being treated for burns in car fire; mother in critical condition