തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ അക്ഷരാർത്ഥത്തിൽ ബന്ദായി മാറും. ഇന്ന് അർധരാത്രി മുതലാണ് ദേശീയ പണിമുടക്ക് ആരംഭിക്കുക. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ് തുടങ്ങിയ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. കെ എസ് ആർ ടി സി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആദ്യം പറഞ്ഞെങ്കിലും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് ടി പി രാമകൃഷ്ണനും ഇത് തള്ളിയതോടെ ബസ് പുറത്തിറങ്ങില്ലെന്ന് ഉറപ്പാണ്.
ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിനു മാത്രമാകും.
കേന്ദ്രസർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണം എന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്.
24-hour national strike may turn into bandh in Kerala