ഇവൾ എട്ടുവയസ്സുകാരി ഹാഡ്‌ലി. മുഖത്ത് എപ്പോളും പുഞ്ചിരിയുള്ള ഏറ്റവും സന്തോഷവതിയായ കുട്ടിയാണ് അവൾ. ടെക്സസിനെ വിഴുങ്ങിയ പ്രളയത്തിൽ ഈ കുട്ടി എവിടെയോ ഒലിച്ചുപോയി. അവളെ തേടി നടക്കുകയാണ് മാതാപിതാക്കൾ. ഇത്തരത്തിൽ 27 കുട്ടികളുടെ മാതാപിതാക്കൾ അവരുടെ കുട്ടികളെ തേടുകയാണ്. അവരെ ഗാഡലൂപ് നദി എന്നേക്കുമായി കൊണ്ടുപോയോ? അതോ ഏതെങ്കിലും ഒരു തുരുത്തിൽ ജീവനോടെ ഈ കുട്ടികൾ തങ്ങിയിട്ടുണ്ടോ? രക്ഷാകരമായ ഒരു മരക്കൊമ്പ്, ഒരു തടിക്കഷ്ണം ഇവരുടെ ജീവനുമായി എവിടെയോ കാത്തിരിക്കുന്നണ്ടോ?
കെർ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്ന് 27 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ് നദിക്കരയിലായിരുന്നു ക്രിസ്ത്യൻ ഓൾ ഗേൾസ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു വേണ്ടി 1926 മുതൽ നടത്തുന്ന ക്യാംപാണിത്. നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
ജൂലൈ നാലിന് രാത്രിയിൽ നദി അസാധാരണമാംവിധം കരകവിഞ്ഞെത്തിയത് ആ ക്യാംപിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ അറിഞ്ഞില്ല. കാണാതായ കുട്ടികൾ 12 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരായിരുന്നു. ക്യാംപിലുണ്ടായിരുന്ന 4 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾക്കായി തീവ്രമായി കാത്തിരിക്കുകയാണ്. നാട്ടുകാരും സേനയും എല്ലാവരും ചേർന്ന് ഇവരെ തേടുകയാണ് . ഓരോ പാറയുടെ മറവിലും വീണകിടക്കുന്ന മരത്തിനടിയിലും , ഒരിഞ്ചു സ്ഥലം പോലും വിടാതെ 24 മണിക്കൂറും അവർ തേടുകയാണ്. ആ പിഞ്ചു ബാലികമാരെ..
3 മണിക്കൂർ കൊണ്ടു സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്.
27 children missing in Texas flood