കാക്ക കൊത്തിക്കൊണ്ടു പോയി നിധിപോലെ കാത്തുസൂക്ഷിച്ച സ്വർണവള ഉടമസ്ഥയെ തേടിയെത്തി, വർഷങ്ങൾക്കു ശേഷം..

കാക്ക കൊത്തിക്കൊണ്ടു പോയി നിധിപോലെ കാത്തുസൂക്ഷിച്ച സ്വർണവള ഉടമസ്ഥയെ തേടിയെത്തി, വർഷങ്ങൾക്കു ശേഷം..

മലപ്പുറം: കാത്തുസൂക്ഷിച്ച സ്വർണവള കാക്ക കൊത്തിക്കൊണ്ടു പോയെങ്കിലും 3 വർഷത്തിനു ശേഷം കാക്കക്കൂട്ടിൽ നിന്നു തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് സുരേഷും കുടുംബവും. അലങ്കരിക്കാനെന്ന പോലെ കൂട്ടിൽ വച്ചിരിക്കുകയായിരുന്നു മൂന്ന് കഷ്ണങ്ങളാക്കിയ വള.

മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ വളയാണ് 2022 ഫെബ്രുവരി 24ന് കാക്ക കൊത്തിക്കൊണ്ടു പോയത്. വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു. വിവാഹ നിശ്ചയത്തിനു ശരത് അണിയച്ചതായിരുന്നു ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള. ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

3 വർഷത്തിനു ശേഷം, ദൂരെ വേറൊരു വീട്ടിൽ, കഴിഞ്ഞ മാസം മാങ്ങ പറിക്കാൻ കയറിയപ്പോൾ നാട്ടുകാരനായ അൻവർ സാദത്തിനു മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിച്ചത്. ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കാൻ അൻവർ തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു.

വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം സുരേഷിന്റെ അടുക്കലെത്തി.

വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകി കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങി.

A golden bracelet that was stolen by a crow and kept as a treasure was found by its owner years later.

Share Email
Top