‘ഒരിക്കൽ വന്നാൽ മടങ്ങാൻ മനസ്സുവരാത്ത സ്വർഗം’; എഫ്-35 യുദ്ധവിമാനവുമായി കേരള ടൂറിസത്തിന്റെ വ്യത്യസ്ത പരസ്യം

‘ഒരിക്കൽ വന്നാൽ മടങ്ങാൻ മനസ്സുവരാത്ത സ്വർഗം’; എഫ്-35 യുദ്ധവിമാനവുമായി കേരള ടൂറിസത്തിന്റെ വ്യത്യസ്ത പരസ്യം

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം. ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ വിഷയം കേരള ടൂറിസം പ്രമോഷനായി ഫലപ്രദമായി ഉപയോഗിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കേരളം ടൂറിസം ഇത്തരത്തിലൊരു പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.

കേരളത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടി, ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത സ്ഥലമാണിതെന്നാണ് എഫ്-35 വിമാനം നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ ചിത്രംവെച്ചുള്ള പരസ്യ പോസ്റ്റര്‍.

‘കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന്‍ താല്‍പ്പര്യമില്ല’ എന്നു കുറിച്ചുകൊണ്ട് എഫ്-35 വിമാനം ഫൈവ് സ്റ്റാര്‍ നല്‍കി ശുപാര്‍ശ ചെയ്യുന്നതാണ് പരസ്യം.

ഇതിനിടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.

ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയുംകൂടി ലഭിച്ചാലേ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന പാര്‍ക്കിങ് മേഖലയില്‍ കടക്കാനാകൂ. എഫ്-35 പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേല്‍നോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍ ബ്രിട്ടണില്‍നിന്ന് എത്തിക്കും.

അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. നിലവില്‍ വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എഫ്-35 യുദ്ധവിമാനം സുരക്ഷിതമാണെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ലൂക്ക് പൊള്ളാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.. വിമാനത്തിന്റെ സുരക്ഷയെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലുയര്‍ന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷത്തെ കണ്‍സര്‍വേറ്റീവ് എംപി ബെന്‍ ഒബേസാണ് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഹൗസ് ഓഫ് കോമണ്‍സില്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ നടപടികളെക്കുറിച്ചും എഫ്-35 എന്ന് തിരികെയെത്തിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. നാറ്റോയുടെ സഖ്യകക്ഷിയല്ലാത്ത ഒരു രാജ്യത്ത്, ജനവാസമേഖലയില്‍ ഇത്രയും അത്യാധുനിക വിമാനം ഏറെക്കാലം നിര്‍ത്തിയിട്ടിരിക്കുന്നതില്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ആശങ്കയറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് ഏറ്റവും മികച്ച പിന്തുണയാണ് എഫ്-35 ലാന്‍ഡുചെയ്ത സമയത്തു ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ മണ്ണില്‍ കനത്ത സുരക്ഷയിലാണ് വിമാനമെന്നും റോയല്‍ എയര്‍ഫോഴ്സ് സംഘാംഗങ്ങള്‍ എപ്പോഴും എഫ്-35ന് ഒപ്പമുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.

“A Paradise You’ll Never Want to Leave Once You Arrive”; Kerala Tourism’s Unique Ad Featuring an F-35 Fighter Jet

Share Email
Top