അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറിയതിൽ ഗുരുതരമായ പിഴവ് ? യുകെ സ്വദേശികളുടെ പരാതി

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറിയതിൽ ഗുരുതരമായ പിഴവ് ? യുകെ സ്വദേശികളുടെ പരാതി

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറിയതിൽ ഗുരുതരമായ പിഴവുണ്ടായതായി പരാതി. യുകെയിലെ രണ്ട് കുടുംബങ്ങളാണ് മൃതദേഹങ്ങൾ മാറിയതായി പരാതിപ്പെട്ടത്. തങ്ങൾക്ക് ലഭിച്ച മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയിൽ തങ്ങളുടെ ബന്ധുക്കളുടേതല്ലെന്ന് വ്യക്തമായതായാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 171 വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനു മുകളിൽ ഇടിച്ചു തകരുകയായിരുന്നു. വിമാനത്തിലെ 242 യാത്രക്കാരും ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം വീണ് പ്രദേശവാസികളും മരിച്ചു.

ദുരന്തത്തിൽ മരിച്ചവരുടെ 12 മുതൽ 13 വരെ മൃതദേഹഭാഗങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയതെങ്കിലും, ഡിഎൻഎ പരിശോധനയിൽ അവ തങ്ങളുടെ കുടുംബാംഗങ്ങളുടേതല്ലെന്ന് തെളിഞ്ഞതായി കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ അറിയിച്ചു. അഹമ്മദാബാദിലെ സിവിൽ ഹോസ്പിറ്റലിൽ വെച്ചാണ് ഡിഎൻഎ പരിശോധനകൾ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

എയർ ഇന്ത്യയ്ക്ക് ഡിഎൻഎ പരിശോധനയുമായോ മൃതദേഹങ്ങൾ കൈമാറിയതുമായോ നേരിട്ട് ബന്ധമില്ല.
ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, കുടുംബങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഈ ഗുരുതരമായ ആരോപണം ദുരന്തബാധിത കുടുംബങ്ങൾക്കിടയിൽ കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
Top