വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിച്ച് 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് മുതിര്‍ന്ന പൈലറ്റ് തന്നെയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ കോക്ക്പിറ്റ് റെക്കോര്‍ഡിംഗില്‍, വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ക്യാപ്റ്റന്‍ ഓഫ് ചെയ്തതായി സൂചനയുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്.
ബോയിംഗ് 787 ഡ്രീംലൈനർ പറത്തിക്കൊണ്ടിരുന്ന ഫസ്റ്റ് ഓഫീസർ , കൂടുതൽ പരിചയസമ്പന്നനായ ക്യാപ്റ്റനോട്, സ്വിച്ചുകൾ “കട്ട്ഓഫ്” സ്ഥാനത്തേക്ക് മാറ്റിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫസ്റ്റ് ഓഫീസർ ആശ്ചര്യം പ്രകടിപ്പിക്കുകയും പിന്നീട് പരിഭ്രാന്തനാകുകയും ചെയ്തു, അതേസമയം ക്യാപ്റ്റൻ ശാന്തനായി തുടരുന്നതായി തോന്നി എന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്തു.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണ് 260 പേരാണ് മരിച്ചത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ (56) ആയിരുന്നു വിമാനത്തിന്റെ മുഖ്യ പൈലറ്റ്. 15,000-ത്തിലധികം മണിക്കൂര്‍ പറക്കല്‍ പരിചയ സമ്പത്തുള്ള സബര്‍വാള്‍, സമീപ വര്‍ഷങ്ങളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം മെഡിക്കല്‍ അവധി എടുത്തിരുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഹമ്മദാബദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നത്. അപകടത്തിൽ പെട്ട വിമാനം സമീപത്തെ ബിജെ മെഡിക്കൽ കോളജ് ബോയ്സ് ഹോസ്റ്റൽ മെസിന് മുകളിൽ പതിക്കുകയായിരുന്നു. മെസിൽ ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർഥികൾക്കും ജീവൻ നഷ്ടപ്പെട്ടു.
Air India crash probe shift focus to senior pilot