ന്യൂഡൽഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന സാങ്കൽപ്പിക രാജ്യത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ വ്യാജ എംബസി നടത്തിവന്ന ഒരാൾ പിടിയിൽ. ഗാസിയാബാദിൽ എട്ട് വർഷമായി പ്രവർത്തിച്ചുവന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF) ആണ് അറസ്റ്റ് ചെയ്തത്. ‘വെസ്റ്റ് ആർക്ടിക്കയുടെ ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് അറസ്റ്റിലായത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയതാണ് പ്രധാന കുറ്റം.
എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകൾ എസ്‌ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫീസിൽ നിന്ന് വ്യാജ പാസ്‌പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ഈ ശൃംഖലയുടെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജെയിൻ എംബസി നടത്തിയിരുന്നത്. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് 2011-ൽ ജെയിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, ‘വെസ്റ്റ് ആർക്ടിക്ക’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നെന്നും എസ്‌ടിഎഫ് സംഘം പറയുന്നു.
എന്താണ് ‘വെസ്റ്റ് ആർക്ടിക്ക’?
യു.എസ്. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ട്രാവിസ് മക്‌ഹെൻറി 2001-ലാണ് ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യം സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗ്രാൻഡ് ഡ്യൂക്കായി ട്രാവിസ് സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന വെസ്റ്റ് ആർക്ടിക്കയുടെ വിസ്തീർണ്ണം 6,20,000 ചതുരശ്ര മൈൽ ആണെന്നാണ് മക്‌ഹെൻറി അവകാശപ്പെടുന്നത്. രാജ്യത്ത് 2,356 പൗരന്മാരുണ്ടെന്നും ഇയാൾ പറയുന്നു. സ്വന്തമായി ഒരു പതാകയും കറൻസിയും ഉണ്ടെങ്കിലും, ലോകത്ത് ഒരു രാജ്യവും ഈ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
‘Ambassador’ Arrested for Operating Fake Embassy of Unrecognized ‘West Arctica’ Nation