കാണാതായ യുവാവിനെ കുഴിച്ചുമൂടിയെന്ന് മൊഴി: ആറു വർഷങ്ങൾക്കു ശേഷം സുഹൃത്തുക്കൾ അറസ്റ്റിൽ

കാണാതായ യുവാവിനെ കുഴിച്ചുമൂടിയെന്ന് മൊഴി: ആറു വർഷങ്ങൾക്കു ശേഷം സുഹൃത്തുക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിനെ 2019 ൽ കോഴിക്കോട് കാണാതായതുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവ്. കേസിൽ സുഹൃത്തുക്കളായ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴത്തുരുത്തി കുളങ്ങരക്കണ്ടിയിൽ കെ.കെ.നിഖിൽ (35), വേണ്ടരി സ്വദേശി ദീപേഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് അമിതമായ അളവിൽ കുത്തിവച്ചതിനെത്തുടർന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരുടെ മൊഴി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെസ്റ്റ്ഹിൽ വേലത്തിപടിക്കൽ വിജിലിനെ (29) 2019 മാർച്ച് 17നാണ് കാണാതായത്. ചുങ്കത്തുള്ള വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം വിജിലിനെ ആരും കണ്ടിരുന്നില്ല. നിലവിൽ കേസിൽ ഒന്നാം പ്രതിയായി ചേർത്ത നിഖിലിനൊപ്പമാണ് വിജിൽ ബൈക്കിൽ പോയതെന്ന വിവരം അന്നു തന്നെ പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ വിജിലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാൾക്ക് പങ്കുണ്ടോ എന്നു വ്യക്തമായിരുന്നില്ല. പിന്നീട് ഇയാൾ ഉൾപ്പെടെ ചില സുഹൃത്തുക്കൾക്ക് ഈ തിരോധാനത്തിൽ പങ്കുണ്ടെന്ന സൂചനകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുവത്തുപറമ്പിൽ രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.

സരോവരം പാർക്കിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ വച്ച് ബ്രൗൺഷുഗർ അമിതമായ തോതിൽ പ്രതികൾ കുത്തിവച്ചതിനെത്തുടർന്നാണ് വിജിൽ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. തുടർന്ന് മൂന്നു പ്രതികളും ചേർന്ന് തെളിവു നശിപ്പിക്കുന്നതിനായി വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് വിവരം.

ലഹരിമരുന്നു കുത്തിവച്ചതിനെതുടർന്ന് ബോധം നഷ്ടമായ വിജിലിനെ പ്രതികൾ തട്ടിവിളിച്ചെങ്കിലും വിജിൽ ഉണരാത്തതിനെത്തുടർന്ന് പ്രതികൾ പറമ്പിൽ ഉപേക്ഷിച്ചു പോയതായും, രണ്ടു ദിവസത്തിനു ശേഷം സ്ഥലത്തെത്തി വിജിൽ മരിച്ചുവെന്ന് ഉറപ്പായ ശേഷം യുവാവിനെ ചതുപ്പിൽ കല്ലുകെട്ടിതാഴ്ത്തിയെന്നുമാണ് വിവരം. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.‌

Share Email
LATEST excelnclexrn
More Articles
Top