swayamvara
pulimoottil

അർജന്റീനക്കായി ശ്രമിച്ചത്‌എല്ലാ നടപടിക്രമങ്ങളുംപാലിച്ച്‌ : മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ

അർജന്റീനക്കായി ശ്രമിച്ചത്‌എല്ലാ നടപടിക്രമങ്ങളുംപാലിച്ച്‌ : മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ

തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്‌പോൺസറും തമ്മിലാണ്‌ കരാറൊപ്പിട്ടത്‌. ഇ‍ൗ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും വി അബ്‌ദുറഹിമാൻ വ്യക്തമാക്കി.

കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. സ്‌പോൺസർക്ക്‌ പണമടയ്‌ക്കുന്നതിന്‌ റിസർവ്‌ ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക്‌ വഴിയാണ്‌ സ്‌പോൺസർ AFAയ്‌ക്ക്‌ പണമടച്ചത്‌. കായിക വകുപ്പ്‌ സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ്‌ ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണ്‌.

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിന്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്‌ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരവുമാണ്.
സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സര്‍ക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിച്ചത്‌ ഇ‍ൗ പ്രവർത്തനങ്ങളുടെ ഭാഗമായാണ്‌. കായിക പ്രേമികള്‍ക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്‌. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഫുട്‌ബോളിലേക്ക് കടന്നുവരുന്നവര്‍ക്കും വലിയ ആവേശം സമ്മാനിക്കാന്‍ ഈ മത്സരത്തിന് സാധിക്കുമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്‌പോണ്‍സറാകാന്‍ താല്‍പ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്‌പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ AFA യുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന വിവരം AFA ഒ‍ൗദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണ്‌.

ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ തികച്ചും സ്വകാര്യമായ സംഘടനകളാണ്‌. അവരുമായി സർക്കാർ നേരിട്ട്‌ കരാറിലോർപ്പെടുന്നത്‌ ശരിയായ നടപടിയല്ല. അതുകൊണ്ടാണ്‌ സ്വകാര്യ സ്‌പോൺസറെ കണ്ടെത്തിയത്‌. AFAയ്‌ക്കും അത്തരത്തിൽ ഒരു സ്‌പോൺസറെയാണ്‌ താൽപ്പര്യമെന്ന്‌ അറിയിച്ചിരുന്നു.

അതത്‌ സമയത്തെ കായികവകുപ്പ്‌ സെക്രട്ടറി, കായിക ഡയറക്‌ടർഎന്നിവരുമായി ചേർന്ന്‌ ചർച്ച നടത്തിയ ശേഷം, അവർ മുഖേനയാണ്‌ AFA യുമായി ആശയവിനിമയം നടത്തിയത്‌. AFA യുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി ചര്‍ച്ച നടത്തിയത്. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് AFA യും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

2023 ൽ സംസ്ഥാനം കൊണ്ടുവന്ന കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. നിയമസഭ അംഗീകരിച്ച 2025–-26 ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവികസന നിധി എന്ന ഹെഡ്ഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാർ ഇറ്റലി, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്‌, ക്യൂബ എന്നീ രാജ്യങ്ങളുമായി വിവിധ കായികസഹകരണ പരിപാടികൾ നടപ്പാക്കിയിരുന്നു.
ക്യൂബയുമായി സഹകരിച്ച് 2024 ല്‍ ചെ സ്മാരക ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും നെതര്‍ലന്‍ഡ്‌സിലെ ബൊവ്‌ലാന്‍ഡര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫുട്‌ബോള്‍, ഹോക്കി പരിശീലന പദ്ധതി നടപ്പാക്കി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി പ്രകാരം പരിശീലകര്‍ക്കുള്ള പരിശീലനം നടന്നു. ഇറ്റലിയിലെ എ സി മിലാനുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി കൊണ്ടുവന്നു.

ജിസിഡിഎ സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി സര്‍ക്കാര്‍ പിഎസ്‌യു ആയ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജമാക്കുന്നതിനുള്ള പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്‌പോണ്‍സര്‍ നിര്‍വഹിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന്മേല്‍ ഒരവകാശവും സ്‌പോണ്‍സര്‍ക്ക് നല്‍കിയില്ല. സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയതാണ്‌.

അധികാരമേറി മൂന്ന്‌ മാസത്തിനകം തന്നെ, കാലവർഷക്കെടുതി അടക്കമുള്ള വിഷയങ്ങൾ നേരിടുന്നതിൽ പരാജയപ്പെടുകയും സംഘപരിവാറിന്റെ അജണ്ടകൾ നടപ്പാക്കാൻ പരവതാനി വിരിച്ചു കൊടുക്കുന്നത്‌ ജനങ്ങൾക്ക്‌ ബോധ്യമാവുകയും ചെയ്‌തതിന്റെ നാണക്കേട്‌ മറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനെതിരെ വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണെന്ന്‌ വി അബ്‌ദുറഹിമാൻ പറഞ്ഞു. മെസിയുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടും എന്നതിനാൽ അത്‌ തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ഉയർത്തിയ ഇ‍ൗ ആരോപണങ്ങൾക്കെല്ലാം അന്ന്‌ തന്നെ മറുപടി നൽകിയതാണ്‌. ഇടതുപക്ഷത്തിനെതിരായ കൃത്യമായ അജണ്ടയോടെ തയ്യാറാക്കുന്ന ഇ‍ൗ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും വി അബ്‌ദുറഹിമാൻ പറഞ്ഞു.

Share Email
Top