പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാറിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി അമിത്ഷാ; ‘രാജ്യത്ത് ബിജെപി സർക്കാർ 3 പതിറ്റാണ്ട് കൂടി തുടരും’

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാറിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി അമിത്ഷാ; ‘രാജ്യത്ത് ബിജെപി സർക്കാർ 3 പതിറ്റാണ്ട് കൂടി തുടരും’

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാർ പുനഃപരിശോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി. കരാർ റദ്ദാക്കിയതിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ജലം വൈകാതെ ഡൽഹി ജനതയിലേക്ക് എത്തുമെന്നും അദ്ദേഹം രാജ്യസഭയിൽ ഉറപ്പു നൽകി. പഹൽഗാം ഭീകരാക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ പാകിസ്ഥാനികളെ അതിർത്തി കടത്തിയതായും ഷാ വെളിപ്പെടുത്തി. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് പാകിസ്ഥാൻ ഡിജിഎംഒ വെടിനിർത്തലിന് അഭ്യർത്ഥിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട്, വെടിനിർത്തൽ വിഷയത്തിൽ ഒരു തരത്തിലുള്ള ബാഹ്യ സമ്മർദ്ദവും ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ഷാ ഊന്നിപ്പറഞ്ഞു. പാകിസ്ഥാൻ കേണപേക്ഷിച്ചത് മാനിച്ചാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ വളർച്ച ഒരു പ്രതിഭാസമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിച്ചതായും ഷാ അവകാശപ്പെട്ടു. ബിജെപി സർക്കാർ അടുത്ത മൂന്ന് പതിറ്റാണ്ട് രാജ്യത്ത് തുടർഭരണം നടത്തുമെന്നും, വിവിധ മേഖലകളിലെ പുരോഗതിയും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ പ്രഖ്യാപിച്ചു.

Share Email
LATEST
More Articles
Top