തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ബ്രിട്ടീഷ് നാവികസേന മേധാവിയുടെ അനുമതി ലഭിച്ചതോടെ ഈ മാസം 22-ന് വിമാനം തിരികെ പറക്കും.
ജൂലൈ ആറിനാണ് ബ്രിട്ടീഷ് നാവികസേനയിലെയും വിമാന നിർമ്മാണ കമ്പനിയിലെയും ഉൾപ്പെടെ 24 അംഗ സാങ്കേതിക സംഘം വിമാനം നന്നാക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധവിമാനമുള്ളത്.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകളാണ് പരിഹരിച്ചത്. എൻജിന്റെ കാര്യക്ഷമതയും ഉറപ്പുവരുത്തിയിട്ടുണ്ട്. സൈനികാഭ്യാസത്തിനിടെ ജൂലൈ 14-നാണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.
വിമാനത്തിന്റെ തകരാർ പരിഹരിച്ച വിദഗ്ദ്ധ സംഘത്തെയും ഉപകരണങ്ങളെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം തിരുവനന്തപുരത്തെത്തും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന F-35B യുദ്ധവിമാനമാണ് സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.
British F-35 fighter jet set to return to service on 22nd of this month; faults fixed