തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായ പ്രതിഷേധവുമായി കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം. വിവിധ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കെസിബിസി അധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു രാജ്ഭവൻ മാർച്ച്. കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടിയായിരുന്നു വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം. ഇത് വെറുമൊരു പ്രതിഷേധമല്ല, കേന്ദ്ര സർക്കാരിനുള്ള കടുത്ത മുന്നറിയിപ്പാണെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി.
“ഇതെല്ലാം കണ്ട് ഞങ്ങൾ സുവിശേഷം മടക്കിവെച്ച് മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ട. സന്യാസിനിമാർ മതേതര ഭാരതത്തിന്റെ അഭിമാനമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല, രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് കർദ്ദിനാൾ ക്ലീമീസ് പറഞ്ഞു. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ കന്യാസ്ത്രീകളെ ജയിലിലടച്ചപ്പോൾ, കേരളത്തിലെ പാർട്ടി ഘടകം വിഷയത്തിൽ വെട്ടിലായിരിക്കുകയാണ്. ക്രൈസ്തവ സമൂഹവുമായി അടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന ബിജെപി അധ്യക്ഷൻ കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണ മൂലമാണെന്നും അവർ നിരപരാധികളാണെന്നും പ്രസ്താവിച്ചിരുന്നു. കൂടാതെ, പ്രശ്നത്തിൽ ഇടപെടാൻ പാർട്ടി ഒരു സംഘത്തെ ഛത്തീസ്ഗഡിലേക്ക് അയക്കുകയും ചെയ്തു.
എന്നാൽ, സംസ്ഥാന അധ്യക്ഷന്റെ ഈ നിലപാടിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങളായ ആർഎസ്എസും ഹിന്ദു ഐക്യവേദിയും പരസ്യമായി രംഗത്തെത്തി. മതപരിവർത്തനത്തിനെതിരായ നടപടിയെ ദുർബലപ്പെടുത്തുന്നതാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവനയെന്ന് അവർ കുറ്റപ്പെടുത്തി