ബെയ്ജിങ്: കുറഞ്ഞ വിലയിൽ നിരവധി കഴിവുകളുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ്. ഏകദേശം 5 ലക്ഷം രൂപയിലധികം (6,000 ഡോളർ) വിലവരുന്ന ഈ റോബോട്ട്, സമാനമായ ബോട്ടുകൾ നിർമിക്കുന്ന മറ്റ് കമ്പനികൾക്ക് കടുത്ത വെല്ലുവിളിയുയർത്തുമെന്നാണ് വിലയിരുത്തൽ.
യൂണിട്രീ റോബോട്ടിക്‌സിന്റെ പുതിയ H1 റോബോട്ട് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. കൈകുത്തി നിൽക്കാനും തുടർച്ചയായി ഇടിക്കാനും ഉൾപ്പെടെയുള്ള കഴിവുകൾ റോബോട്ട് പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 55 പൗണ്ട് ഭാരമുള്ള H1 റോബോട്ടിന്, ചലനങ്ങൾ സാധ്യമാക്കുന്നതിനായി 26 ജോയിന്റുകളുണ്ട്. ശബ്ദവും ചിത്രവും തിരിച്ചറിയാനുള്ള കഴിവുൾപ്പെടെ മൾട്ടിമോഡൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
റോബോട്ടിക് ചലനത്തിലെ മുന്നേറ്റം
റോബോട്ടിക് ചലനത്തിലും ബാലൻസിലുമുള്ള ഒരു സുപ്രധാന കുതിച്ചുചാട്ടമായാണ് H1 ന്റെ വരവ് വിലയിരുത്തപ്പെടുന്നത്. മികച്ച ബോക്‌സിംഗ് കഴിവുകളാണ് റോബോട്ട് പ്രകടിപ്പിക്കുന്നത്. മലർന്നു കിടക്കുന്ന അവസ്ഥയിൽനിന്ന് കൈകൾ ഉപയോഗിക്കാതെ എഴുന്നേറ്റ് നിൽക്കാനും ഇതിന് കഴിയും.
സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു
വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ H1 നെക്കുറിച്ച് വ്യാപകമായ ചർച്ചയാണ് നടക്കുന്നത്. റോബോട്ടിന് ദൈനംദിന ജോലികൾ ചെയ്യാൻ കഴിയുമോ എന്നതായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും ചോദ്യം. നായയെ നടക്കാൻ കൊണ്ടുപോകാനും കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകാനും ഇതിന് കഴിയുമോ എന്നും ചിലർ ആരാഞ്ഞു. ഇതിനിടെ, പലരും ഇലോൺ മസ്‌കിനെയും അദ്ദേഹത്തിന്റെ ടെസ്ല ഒപ്റ്റിമസ് കമ്പനിയെയും ടാഗ് ചെയ്തു. ജോലികൾ ചെയ്യാൻ കഴിവുള്ള, രണ്ടുകാലിൽ നിൽക്കുന്ന ഹ്യൂമനോയിഡുകളെയാണ് ഈ കമ്പനിയും വികസിപ്പിക്കുന്നത്. “നിങ്ങൾ ഇപ്പോഴും മത്സര രംഗത്തുണ്ടോ? അടുത്ത വർഷം ഇവർ (യൂണിട്രീ) റോബോട്ടിനെ വിപണിയിലിറക്കുമ്പോൾ നിങ്ങൾ ഇനിയും കുറച്ച് വർഷങ്ങൾകൂടി ലാബിൽ തുടരുമെന്ന് കരുതുന്നു,” എന്നും ചിലർ അഭിപ്രായപ്പെട്ടു.
മത്സരരംഗത്തെ വെല്ലുവിളി
മസ്‌കിന്റെ കമ്പനിക്ക് പുറമെ യുഎസ് സ്ഥാപനമായ ബോസ്റ്റൺ ഡൈനാമിക്‌സ് അതിന്റെ അറ്റ്‌ലസ് റോബോട്ടുകളുമായി ഹ്യൂമനോയിഡ് റോബോട്ട് വിപണിയിലെത്തുന്നുണ്ട്. എന്നിരുന്നാലും, വെറും 5 ലക്ഷം രൂപയ്ക്ക് നൂതനമായ മനുഷ്യരൂപമുള്ള ഒരു റോബോട്ട് വിജയകരമായി വിപണിയിലെത്തിച്ചാൽ അത് റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മത്സരത്തിൽ ചൈനയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറും.
നിലവിൽ യൂണിട്രീയുടെ വലുതും കൂടുതൽ നൂതനവുമായ O1 എന്ന ഹ്യൂമനോയിഡ് റോബോട്ട് 77 ലക്ഷം രൂപയ്ക്ക് (90,000 ഡോളർ) മുകളിലാണ് വിൽക്കുന്നത്. 13.8 ലക്ഷം രൂപ (16,000 ഡോളർ) വിലയുള്ള യൂണിട്രീയുടെ പഴയ A1 ഹ്യൂമനോയിഡ് ഗവേഷണശാലകളിലും സ്കൂളുകളിലും ഉപയോഗിച്ചതിന് പിന്നാലെ പ്രശസ്തി നേടിയിരുന്നു.
Chinese humanoid robot for $6,000: A challenge to Tesla