ന്യൂയോർക്ക്: ക്യാമ്പസിലെ ജൂതവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് ട്രംപ് ഭരണകൂടം റദ്ദാക്കിയ ഗവേഷണ ഫണ്ട് പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി, കൊളംബിയ യൂണിവേഴ്സിറ്റി അമേരിക്കൻ സർക്കാരിന് 220 ദശലക്ഷം ഡോളറിലധികം നൽകും. ഫെഡറൽ സർക്കാരിന് മൂന്ന് വർഷത്തിനുള്ളിൽ 200 ദശലക്ഷം ഡോളറും ഈക്വൽ എംപ്ലോയ്മെന്‍റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ നടത്തുന്ന അനുബന്ധ അന്വേഷണങ്ങൾ തീർപ്പാക്കാൻ അധികമായി 21 ദശലക്ഷം ഡോളറും യൂണിവേഴ്സിറ്റി നൽകുമെന്ന് ഐവി ലീഗ് യൂണിവേഴ്സിറ്റി അറിയിച്ചു.
ഫെഡറൽ തലത്തിലെ നീണ്ട പരിശോധനയ്ക്കും സ്ഥാപനപരമായ അനിശ്ചിതത്വത്തിനും ശേഷം ഈ കരാർ മുന്നോട്ട് പോവുകയാണെന്ന് ആക്ടിംഗ് യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ക്ലെയർ ഷിപ്മാൻ പറഞ്ഞു. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ – ഹമാസ് സംഘർഷത്തെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കിടെ ക്യാമ്പസിലെ ജൂതവിരുദ്ധ പെരുമാറ്റങ്ങൾ തടയുന്നതിൽ കൊളംബിയ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം ഈ വർഷം ആദ്യം ഫണ്ട് റദ്ദാക്കിയത്.
ശതകോടിക്കണക്കിന് ഡോളറിന്‍റെ സർക്കാർ പിന്തുണ നഷ്ടപ്പെടുമെന്ന് യൂണിവേഴ്സിറ്റിക്ക് ഭീഷണിയുണ്ടായിരുന്നു. ഈ വർഷം ആദ്യം 400 ദശലക്ഷം ഡോളറിലധികം വരുന്ന ഫെഡറൽ ഗ്രാൻഡുകൾ റദ്ദാക്കപ്പെട്ടിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് നടന്ന പ്രതിഷേധങ്ങൾക്കിടെ ജൂത വിദ്യാർത്ഥികൾക്ക് വാക്കാലുള്ള അധിക്ഷേപം, ഒറ്റപ്പെടുത്തൽ, ക്ലാസ് റൂമുകളിൽ അപമാനം എന്നിവ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കൊളംബിയയുടെ സ്വന്തം ജൂതവിരുദ്ധ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിരുന്നു.