കൊച്ചി: കാക്കനാട് ഇൻഫോപാർക്കിലെ ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ ചാവക്കാട് വലപ്പാട് വീട്ടിൽ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. കമ്പനി ഉടമയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശ്വേത.
കമ്പനി ഉടമയ്ക്ക് ശ്വേതയുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും, രഹസ്യ ചാറ്റുകൾ പുറത്തുവിടുമെന്നും, ബലാത്സംഗ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാനുള്ള ശ്രമം. ഈ മാസം 27-ന് കമ്പനിയിലെ മൂന്ന് ജീവനക്കാരെ പ്രതികൾ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 30 കോടി രൂപ നൽകണമെന്നും, ഇതിന് ഉറപ്പായി കമ്പനി ഉടമയെക്കൊണ്ട് മുദ്രപത്രത്തിൽ ഒപ്പിടുവിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
കൂടാതെ, 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് കൈമാറണമെന്നും, 10 കോടി രൂപ വീതമുള്ള രണ്ട് ചെക്കുകൾ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ തട്ടിയെടുത്ത ഇവർ, പിറ്റേദിവസം 20 കോടിയുടെ ചെക്കുകളും കൈക്കലാക്കി.
10 കോടി രൂപ ഉടൻ നൽകാമെന്ന് പ്രതികളെ അറിയിച്ച ശേഷം ഐടി കമ്പനി ഉടമ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് 20 കോടി രൂപയുടെ ചെക്ക് ലീഫുകളും കരാർ പേപ്പറുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
Couple arrested for honey-trapping IT company owner in Kochi, trying to defraud him of Rs 30 crore