തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്; മുൻ അധ്യക്ഷന്മാരുമായി ആലോചിക്കണം: ബിജെപി വിഭാഗീയതയിൽ ഇടപെട്ട് രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ

തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്; മുൻ അധ്യക്ഷന്മാരുമായി ആലോചിക്കണം: ബിജെപി വിഭാഗീയതയിൽ ഇടപെട്ട് രാജീവ് ചന്ദ്രശേഖറിനോട് അമിത് ഷാ

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹി പട്ടികയെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾക്കിടെ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്നും, മുൻ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തിൽ അമിത് ഷാ നിർദേശിച്ചതായി റിപ്പോർട്ട്. പാർട്ടിയിൽ താഴെത്തട്ടിലുള്ള പ്രവർത്തകരാണ് വലുതെന്നും അമിത് ഷാ ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ഭാരവാഹി യോഗത്തിൽ ചർച്ചയുണ്ടായി. തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടണമെന്നാണ് അമിത് ഷാ നിർദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുൻ പ്രസിഡന്റുമാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരെ അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിൽ അതൃപ്തിക്കിടയാക്കിയിരുന്നു. പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടാതെ പോയ ചില നേതാക്കൾ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലക്ച്വൽ സെല്ലിന്റെ സഹ കൺവീനർ യുവരാജ് ഗോകുൽ, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു എന്നിവർ തങ്ങളെ വക്താവ് സ്ഥാനത്തുനിന്ന് പുറത്തായതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.

ലക്ഷ്യം 2026 നിയമസഭാ തിരഞ്ഞെടുപ്പ് : അമിത് ഷാ

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യം വെച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലും അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നേരത്തേ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിലെത്തി പതാക ഉയർത്തിയ അമിത് ഷാ, ഓഫീസിന് മുന്നിൽ വൃക്ഷത്തൈ നട്ടു. തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി. മാരാരുടെ അർദ്ധകായ വെങ്കല പ്രതിമയും കേന്ദ്ര ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു.

നാല് മണിയോടെ കണ്ണൂരിലേക്ക് തിരിച്ച അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഭഗവാന് പ്രധാന വഴിപാടായ പൊന്നിന്കുടം സമര്‍പ്പിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് കണ്ണൂര്‍ നോര്‍ത്ത് ജില്ല അധ്യക്ഷന്‍ കെ കെ വിനോദ് കുമാര്‍ എന്നിവരും അമിത് ഷാ യോടൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാനത്തെ പരിപാടികള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ന്യൂദല്‍ഹിയിലേക്ക് മടങ്ങി.രാത്രി 7:45യോടെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം രാജ്യ തലസ്ഥാനത്തേക്ക് മടങ്ങിയത്.

Decisions should not be unilateral; former presidents should be consulted: Amit Shah to Rajiv Chandrashekhar

Share Email
LATEST
Top