പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചു, വീണ്ടും പേടിപ്പെടുത്തി ബോയിംഗ് വിമാനം; ലോസ് ഏഞ്ചല്‍സില്‍ അടിയന്തര ലാന്‍ഡിംഗ്

പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചു, വീണ്ടും പേടിപ്പെടുത്തി ബോയിംഗ് വിമാനം; ലോസ് ഏഞ്ചല്‍സില്‍ അടിയന്തര ലാന്‍ഡിംഗ്

ലോസ് ഏഞ്ചൽസ്: അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർ ലൈൻസ് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതിനെത്തുടർന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (LAX) അടിയന്തര ലാൻഡിംഗ് നടത്തി. വെള്ളിയാഴ്ചയാണ് സംഭവം. ബോയിംഗ് 767-400 (രജിസ്ട്രേഷൻ N836MH) വിഭാഗത്തിൽപ്പെട്ട ഡെൽറ്റ വിമാനത്തിൽ ആകാശത്ത് വെച്ച് ഇടത് എഞ്ചിനിൽ നിന്ന് തീജ്വാലകൾ പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങൾ വീഡിയോകളിൽ വ്യക്തമാണ്.

അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും, റൺവേയിൽ വെച്ച് അഗ്നിശമന സേനാംഗങ്ങൾ തീയണച്ചതായും അധികൃതർ അറിയിച്ചു. എയർക്രാഫ്റ്റ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടൻ എഞ്ചിന് തീപിടിച്ചതായി ഏവിയേഷൻ എ2സെഡ് (Aviation A2Z) റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലെ ജീവനക്കാർ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുകയും വിമാനത്താവളത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയും ചെയ്തു. എയർ ട്രാഫിക് കൺട്രോൾ (ATC) വിമാനത്തെ വിമാനത്താവളത്തിലേക്ക് തിരികെ നയിക്കുകയും ഗ്രൗണ്ടിലെ എമര്‍ജൻസി സേവനങ്ങളെ അറിയിക്കുകയും ചെയ്തു.

ഫ്ലൈറ്റ്റഡാർ24 ഡാറ്റ പ്രകാരം വിമാനം ആദ്യം പസഫിക്കിന് മീതെ ഉയർന്ന് പറന്ന ശേഷം ഡൗണി, പാരമൗണ്ട് പ്രദേശങ്ങളിലേക്ക് തിരികെ വട്ടമിട്ടെന്നാണ് വ്യക്തമാക്കുന്നത്. ഇത് ജീവനക്കാർക്ക് ചെക്ക്‌ലിസ്റ്റുകൾ പൂർത്തിയാക്കാനും സുരക്ഷിതമായ ലാൻഡിംഗിന് തയ്യാറെടുക്കാനും സമയം നൽകി. ഈ നീക്കത്തിനിടെ വിമാനം നിയന്ത്രിത ഉയരവും വേഗതയും നിലനിർത്തി.

തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ഏകദേശം 25 വർഷം പഴക്കമുള്ള ഈ വിമാനത്തിന് രണ്ട് ജനറൽ ഇലക്ട്രിക് CF6 എഞ്ചിനുകളാണുള്ളത്. ഈ വർഷം ഡെൽറ്റയ്ക്ക് ഇങ്ങനെയൊരു പ്രശ്നം നേരിടുന്നത് ഇത് ആദ്യമായിട്ടല്ല. ഏപ്രിലിൽ, ഓർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു ഡെൽറ്റ വിമാനത്തിന് തീപിടിച്ചിരുന്നു.

Share Email
Top