ന്യൂഡൽഹി: ഗുരുഗ്രാം ഭൂമി ഇടപാട് കേസിൽ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായി റോബർട്ട് വദ്രയ്ക്ക് എതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ആദ്യ കുറ്റപത്രമാണ് ഇഡി സമർപ്പിച്ചിരിക്കുന്നത്. വദ്രയടക്കം പന്ത്രണ്ട് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വദ്രയെ കൂടാതെ, അദ്ദേഹത്തിന്റെ കമ്പനിയായ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഓംകരേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, അവരുടെ തലവന്മാർ സത്യാനന്ദ് യാജി, കേവൽ സിംഗ് വിരാക്, മറ്റുള്ളവർ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. വെള്ളിയാഴ്ച കോടതി കേസ് പരിഗണിക്കും.
2008ല്‍ വദ്രയുടെ സ്ഥാപനമായ സ്‌കൈലൈറ്റ് ഹോസ്പിറ്റലിറ്റി ഏഴു കോടിയിലധികം രൂപയ്ക്കാണ് മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി മാസങ്ങള്‍ക്ക് ശേഷം 58 കോടി രൂപക്ക് ഭൂമി ഡിഎല്‍എഫിന് വിറ്റു. ഇതില്‍ സാമ്പത്തിക ക്രമക്കേടുണ്ടായെന്നതാണ് ഇഡി യുടെ ആരോപണം.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമാണ് വദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ഏപ്രിലില്‍ മൂന്ന് ദിവസം വാദ്രയെ ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം കേസിലെ നടപടിക്രമങ്ങൾ മോദി സർക്കാരിന്റെ രാഷ്ട്രീയ വേട്ടയുടെ ഭാഗമാണെന്നാണ് വദ്രയുടെ ഓഫീസ് പ്രതികരിച്ചത്.
ഗുരുഗ്രാം ഭൂമി ഇടപാട് കേസ്; റോബർട്ട് വദ്രയ്ക്കെതിരെ ആദ്യ കുറ്റപത്രം സമർപ്പിച്ച് ഇഡി
July 17, 2025 8:26 pm
