അടിയന്തരാവസ്ഥ: ഇന്ദിരയ്ക്കും സഞ്ജയ്‌ക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ; വീണ്ടും വിവാദം

അടിയന്തരാവസ്ഥ: ഇന്ദിരയ്ക്കും സഞ്ജയ്‌ക്കുമെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ; വീണ്ടും വിവാദം

എബി മക്കപ്പുഴ

തിരുവനന്തപുരം: ബിജെപി അനുകൂല നിലപാടുകളുടെയും മോദി സ്തുതിയുടെയും പേരിൽ നേരത്തെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശശി തരൂർ എംപി, കോൺഗ്രസിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത്. കോൺഗ്രസിനുള്ളിൽ നിന്നുകൊണ്ട് തന്നെ പാർട്ടിക്കും നേതൃത്വത്തിനുമെതിരെ തരൂർ നടത്തുന്ന പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേരള നേതൃത്വത്തിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച തരൂർ, ഇപ്പോൾ ഒരു പടികൂടി കടന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മകൻ സഞ്ജയ് ഗാന്ധിക്കുമെതിരെ ഗുരുതരമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.

ഇന്ദിരാഗാന്ധി നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് തരൂർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ദിരയുടെ കാർക്കശ്യ മനോഭാവം പൊതുജീവിതം ദുസ്സഹമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. “രാജ്യത്ത് അച്ചടക്കം കൊണ്ടുവരാൻ അടിയന്തരാവസ്ഥക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനങ്ങളും, വിചാരണ കൂടാതെ നടന്ന കൊലപാതകങ്ങളും പുറംലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും, മാധ്യമങ്ങളും, പ്രതിപക്ഷവും തടവിലായി,” ‘പ്രോജക്ട് സിൻഡിക്കറ്റി’നുവേണ്ടി എഴുതിയ ലേഖനത്തിൽ ശശി തരൂർ പറയുന്നു.

ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിക്കെതിരെയും തരൂർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സഞ്ജയ് ഗാന്ധിയുടെ ചെയ്തികൾ കൊടും ക്രൂരതയുടേതായിരുന്നുവെന്നും അന്നത്തെ സർക്കാർ ഈ നടപടികൾ ലഘൂകരിച്ചുവെന്നും തരൂർ ആരോപിക്കുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെയും പാർട്ടിയെയും പുറത്താക്കി ജനങ്ങൾ രോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെഹ്‌റു കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുമ്പോഴും ഇന്നത്തെ ഇന്ത്യൻ ഭരണ സംവിധാനത്തെ തരൂർ പ്രശംസിക്കുന്നുണ്ട്. “1975-ലെ ഇന്ത്യയല്ല ഇന്നത്തേത്. ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസവും അഭിവൃദ്ധിയുമുള്ള ശക്തമായ ജനാധിപത്യ രാജ്യമാണ്,” എന്ന് പറഞ്ഞ് നിലവിലെ ഭരണകൂടത്തെ തരൂർ പരോക്ഷമായി പ്രശംസിച്ചു.

അടിയന്തരാവസ്ഥയെ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ, അതിന്റെ പാഠങ്ങൾ നമ്മൾ ഉൾക്കൊള്ളണം എന്ന് പറഞ്ഞുകൊണ്ടാണ് തരൂർ തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

Emergency: Shashi Tharoor strongly criticizes Indira and Sanjay

Share Email
Top