യുഎഇയിലെ ബാങ്കുകൾ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ഒടിപി (വൺ ടൈം പാസ്‌വേർഡ്) ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഒടിപി അയയ്ക്കുന്ന രീതി ഘട്ടംഘട്ടമായി അവസാനിപ്പിക്കും. പകരം ബാങ്കുകളുടെ സുരക്ഷിതമായ സ്മാർട് ആപ്ലിക്കേഷനുകൾ വഴിയായിരിക്കും ഓൺലൈൻ ഇടപാടുകൾ പൂർത്തിയാക്കുക.
ഇമെയിലും ഒടിപിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇമെയിലിലൂടെ ഇടപാടുകൾ സ്ഥിരീകരിക്കുന്ന രീതിയും ഒഴിവാക്കും. ഇനിമുതൽ ഉപഭോക്താക്കൾക്കു സ്വന്തം ബാങ്ക് ആപ്ലിക്കേഷനിലൂടെ തന്നെ ഇടപാടുകൾ അംഗീകരിക്കാനും നിരാകരിക്കാനും കഴിയും.
സ്മാർട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപഭോക്താവിന്റെ ഡിജിറ്റൽ ഐഡി വെരിഫൈ ചെയ്തുകൊണ്ട് ഇടപാടുകൾ കൂടുതൽ സുരക്ഷിതമായി നടത്താനാകുമെന്നാണ് യുഎഇ സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ. അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളും ഇടപാട് സമയത്തെ വിവരങ്ങളും പൊരുത്തപ്പെടുന്നില്ലെങ്കിൽ ഇടപാട് തള്ളിക്കളയും.
ഫോണിലൂടെ വിളിച്ച് ഒടിപി ചോദിക്കുകയും ഉപഭോക്താക്കൾ അത് പങ്കുവെക്കുകയും ചെയ്തതിന്റെ ഫലമായി പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ ദിവസേനയാണ് നടക്കുന്നത്. ഇതിനാൽ തന്നെ ഒടിപി ഒഴിവാക്കുന്നതിലൂടെ വലിയൊരു തട്ടിപ്പ് തടയിടുന്നത് .
ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ ചെയ്യുമ്പോഴും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോഴും തട്ടിപ്പ് നടക്കുന്നവയിൽ ഭൂരിപക്ഷവും ഒടിപിയെ കേന്ദ്രീകരിച്ചവയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദ്ദേശം.
ഇനിയുള്ള എല്ലാ ആഭ്യന്തരവും അന്തർദേശീയവുമായ പണമിടപാടുകൾക്കും ഒടിപി ഉണ്ടാകില്ല. സ്മാർട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ തന്നെ ഉപഭോക്താവിന്റെ തിരിച്ചറിയൽ ഉറപ്പുവരുത്തുമെന്നും അതുവഴി സുരക്ഷ ഉറപ്പുവരുത്തുമെന്നും ബാങ്കിങ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യുന്നതും പണം തട്ടുന്നതും തടയാനുള്ള ശക്തമായ പ്രതിരോധമായിരിക്കും ഈ തീരുമാനം.
End of the OTP Era: Bank Transactions to Shift to Smart Apps