യുഎസ് നാഷണൽ പാർക്കുകളിൽ വിദേശികൾക്ക് പ്രവേശന ഫീസ് കൂടും: ഉത്തരവ് നിലവിൽ വന്നു

യുഎസ് നാഷണൽ പാർക്കുകളിൽ വിദേശികൾക്ക് പ്രവേശന ഫീസ് കൂടും: ഉത്തരവ് നിലവിൽ വന്നു

വാഷിങ്ടൺ: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ പൗരന്മാർക്ക് യുഎസിലെ നാഷണൽ പാർക്കുകളിൽ പ്രവേശിക്കുന്നതിന് ഇനി ഉയർന്ന ഫീസ് നൽകേണ്ടി വരും. നാഷണൽ പാർക്കുകളിലെ വിദേശ സഞ്ചാരികളുടെ പ്രവേശന നിരക്ക് വർദ്ധിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് വർദ്ധന നിലവിൽ വന്നത്.

നാഷണൽ പാർക്കുകൾക്കായി സർക്കാർ ചെലവഴിക്കുന്ന തുക മൂന്നിലൊന്നായി കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിദേശ സഞ്ചാരികളുടെ പ്രവേശന നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതുവഴി ലഭിക്കുന്ന അധിക തുക പാർക്കുകളുടെ സംരക്ഷണത്തിനും വൈകിയ അറ്റകുറ്റപ്പണികൾക്കും ഉപയോഗിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.

ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ യുഎസിലെ നാഷണൽ പാർക്കുകളിൽ പ്രവേശിക്കാൻ കൂടുതൽ പണം നൽകണം. പാർക്ക് സർവീസിന്റെ മേൽനോട്ടം വഹിക്കുന്ന ഇന്റീരിയർ ഡിപ്പാർട്ട്‌മെന്റിനാണ് ഇത് നടപ്പാക്കാനുള്ള അധികാരം. ഫീസ് എത്രയാണെന്നോ എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നോ നിലവിൽ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 100 പാർക്കുകളിൽ മാത്രമാണ് നിലവിൽ പ്രവേശന ഫീസ് ഈടാക്കുന്നത്.

വിദേശ വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന പ്രവേശന ഫീസ് ഈടാക്കുന്നത് ലോകമെമ്പാടുമുള്ള ദേശീയ പാർക്കുകളിലെ സാധാരണ നയമാണെന്ന് പ്രവേശന ഫീസ് വർദ്ധനയെക്കുറിച്ച് വൈറ്റ് ഹൗസ് പറയുന്നു. യുഎസ് പൗരന്മാരുടെ നികുതിപ്പണം പാർക്കുകൾക്ക് ഉപയോഗിക്കുന്നതിനാൽ അവർക്കാണ് മുൻഗണനയെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.

അധിക വരുമാനം പ്രതീക്ഷിക്കുന്നത്

വിദേശ സഞ്ചാരികളിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നതിലൂടെ ഓരോ വർഷവും ഏകദേശം 90 മില്യൺ ഡോളർ അധിക വരുമാനം നേടാൻ കഴിയുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു. ഈ പണം പാർക്കുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഉപയോഗിക്കും. കൂടുതൽ പണം ലഭിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും സന്ദർശകർക്ക് മികച്ച അനുഭവം നൽകാനും കഴിയുമെന്നും, പ്രകൃതി വിഭവങ്ങളും ചരിത്രപരമായ സ്ഥലങ്ങളും സംരക്ഷിക്കുന്നതിലൂടെ പാർക്കുകൾക്ക് കൂടുതൽ ഭംഗി നൽകാനും കൂടുതൽ ആളുകളെ ആകർഷിക്കാനും സാധിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Entry fees for foreigners to US national parks will increase: Order comes into effect

Share Email
Top