വാഷിംഗ്ടൺ: അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിലും അതിതീവ്രവും അപകടകരവുമായ ഉഷ്ണതരംഗം തുടരുന്നു. 80 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് മുന്നറിയിപ്പുകൾ മുതൽ അതീവ ജാഗ്രതാ നിർദേശങ്ങൾ വരെ നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ പ്രദേശങ്ങൾ മുതൽ മിഡ്‌വെസ്റ്റ് വരെയുള്ള പലയിടങ്ങളിലും അടുത്ത ആഴ്ചയിലും ജീവന് ഭീഷണിയുയർത്തുന്ന താപനില തുടരും. ചില പ്രദേശങ്ങളിൽ താപനില 110°F-ന് മുകളിലുമെത്തുമെന്നാണ് പ്രവചനം.
മിസോറിയിലെ സെന്റ് ലൂയിസ് അതിതീവ്രമായ ചൂടിന്റെ കേന്ദ്രമായി തുടരുകയാണ്. വാരാന്ത്യം മുഴുവൻ ഇവിടെ അതീതീവ്ര ചൂട് മുന്നറിയിപ്പ് നിലനിൽക്കും. അനുഭവപ്പെടുന്ന താപനില 114°F വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കിഴക്കൻ ഭാഗങ്ങളിൽ, നോർത്ത് കരോലിനയുടെയും സൗത്ത് കരോലിനയുടെയും ചില പ്രദേശങ്ങളിലും അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. മർട്ടിൽ ബീച്ച്, വിൽമിംഗ്ടൺ, റാലീ തുടങ്ങിയ നഗരങ്ങളിൽ അതിതീവ്ര ചൂട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ താപനില 113°F-നും 115°F-നും ഇടയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്സസ് മുതൽ വിർജീനിയ വരെയും അപ്പർ മിഡ്‌വെസ്റ്റിന്റെ ചില ഭാഗങ്ങളിലും ഡാളസ്, ഒക്ലഹോമ സിറ്റി, മെംഫിസ്, സിൻസിനാറ്റി, സവന്ന, റിച്ച്മണ്ട്, ബിസ്മാർക്ക് തുടങ്ങിയ നഗരങ്ങളിൽ ചൂട് ജാഗ്രതാ നിർദേശങ്ങൾ നിലവിലുണ്ട്. ഈ സ്ഥലങ്ങളിൽ പലതിലും അനുഭവപ്പെടുന്ന താപനില 100°F കവിയുമെന്നും പ്രവചിക്കപ്പെടുന്നു.