തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും അത്യാധുനിക പോർവിമാനങ്ങളിലൊന്നായ ബ്രിട്ടന്റെ F-35B, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാർമാക്കിൽ മൂന്നാഴ്ചയോളം നിസ്സഹായമായി കിടന്ന സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചു. കഴിഞ്ഞ ദിവസം വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഇത് ഹാങ്ങറിലേക്ക് വലിച്ചുനീക്കിയെങ്കിലും, സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്കും ഊഹാപോഹങ്ങൾക്കും ഇപ്പോഴും അവസാനമായിട്ടില്ല.
ഇന്ത്യൻ വ്യോമസേന ബ്രിട്ടീഷ് സൈനിക അധികൃതർക്ക് തുടക്കത്തിൽ തന്നെ ഹാങ്ങറിലേക്ക് മാറ്റാനുള്ള സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വിമാനത്തിന്റെ അതീവരഹസ്യ സ്വഭാവമുള്ള സാങ്കേതികവിദ്യകൾ ചോരുമെന്ന ഭയം കാരണം അവർ ആ വാഗ്ദാനം സ്വീകരിക്കാൻ തയ്യാറായില്ല. മൂന്നാഴ്ചയോളം തുറന്നുകിടന്ന വിമാനം മഴയും വെയിലുമേറ്റ് ടാർമാക്കിൽ തന്നെ തുടർന്നു. പറന്നുപോകാനോ, ഘടകങ്ങളായി വിഘടിപ്പിച്ച് ചരക്കുവിമാനത്തിൽ കയറ്റിക്കൊണ്ടുപോകാനോ ബ്രിട്ടീഷ് അധികൃതർക്ക് സാധിച്ചിരുന്നില്ല.
എന്താണ് സംഭവിച്ചത്?
ഇന്ത്യയുമായി സംയുക്ത സൈനികാഭ്യാസത്തിനെത്തിയ ബ്രിട്ടീഷ് റോയൽ നേവിയുടെ HMS പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന F-35B, മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാൻ കഴിയാതെ വന്നതോടെ തിരുവനന്തപുരത്തിറങ്ങുകയായിരുന്നു എന്നാണ് ബ്രിട്ടീഷ് അധികൃതർ ആദ്യം വിശദീകരിച്ചത്. ഇന്ധനം കുറഞ്ഞതിനാലാണ് തൊട്ടടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ഈ വിശദീകരണം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അവിശ്വസനീയമായി തോന്നിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളിൽ വിമാനത്തെക്കുറിച്ചുള്ള ട്രോളുകളും മീമുകളും നിറഞ്ഞു. ചിലർ OLX-ൽ വിമാനം വിൽപ്പനയ്ക്ക് വെച്ചപ്പോൾ, കേരള ടൂറിസം വകുപ്പ് “ഒരിക്കൽ കേരളത്തിലെത്തിയാൽ തിരിച്ചുപോകാൻ തോന്നില്ല” എന്ന അടിക്കുറിപ്പോടെ വിമാനത്തിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം പോലും തയ്യാറാക്കി. ഒടുവിൽ, ബ്രിട്ടീഷ് പാർലമെന്റിൽ പോലും ഈ വിഷയം ചർച്ചയായി.
ബ്രിട്ടീഷ് വിശദീകരണം അവിശ്വസനീയമോ?
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളും പ്രഹരശേഷിയുമുള്ള അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമാണ് F-35. റഡാറിൽ തെളിയില്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ പത്രക്കുറിപ്പിൽ, “ഡിറ്റക്ട് ചെയ്യുകയും തിരിച്ചറിയുകയും ചെയ്തു” എന്ന് വ്യക്തമാക്കിയതോടെ സംശയങ്ങൾ ഉയർന്നു. ഇന്ത്യയുടെ IACCS (ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം) ഉപയോഗിച്ച് F-35B-യെ കണ്ടെത്തി എന്നായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ നിലപാട്.
ചില പാശ്ചാത്യ നിരീക്ഷകർ സംയുക്ത സൈനികാഭ്യാസമായതിനാൽ വിമാനത്തിന്റെ സ്റ്റെൽത്ത് കഴിവ് പ്രവർത്തനരഹിതമാക്കിയാണ് പറന്നിരുന്നത് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, “ഡിറ്റക്ട് ചെയ്തെന്നും തിരിച്ചറിഞ്ഞെന്നും” ഇന്ത്യൻ വ്യോമസേനയുടെ പ്രസ്താവനയിൽ പറയുന്നതുകൊണ്ട് ഇത് വലിയൊരു നേട്ടമായിട്ടാണ് പ്രതിരോധ വിദഗ്ദ്ധർ കാണുന്നത്.
ചാരപ്പണി സാധ്യതകളും ‘ജാമിങ്ങും‘
IACCS-ന്റെ ശേഷി പരിശോധിക്കാൻ F-35B ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് വന്നത് ഒരുതരം ‘പാസീവ്’ ചാരപ്പണിയായിരുന്നെന്ന് ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് വിമാനം ഒരു നിശ്ചിത പരിധി കടന്ന് അകത്തേക്ക് വന്നപ്പോൾ, ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം അതിന്റെ കോർഡിനേറ്റുകളെ പ്രവർത്തനരഹിതമാക്കുകയോ ഇലക്ട്രോണിക് സംവിധാനങ്ങളെ “ജാം” ചെയ്യുകയോ ചെയ്തു എന്നാണ് ഇവരുടെ നിഗമനം.
ഇതനുസരിച്ച്, വിമാനത്തിന്റെ GPS-ൽ ഇടപെടുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തതിലൂടെ സ്വന്തം യാത്രാപഥം മനസ്സിലാക്കാനോ, തത്സമയ വിവരങ്ങൾ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയക്കാനോ കഴിയാത്ത സാഹചര്യമുണ്ടായി. ഇത് വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങൾക്ക് തകരാറുണ്ടാക്കിയെന്നും അവർ വാദിക്കുന്നു. ആകെ സ്ഥലജലഭ്രമത്തിലായ F-35B ആദ്യം കണ്ട വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു എന്നും, അല്ലെങ്കിൽ വിമാനവാഹിനിക്കപ്പലിനൊപ്പമുണ്ടായിരുന്ന ഏതെങ്കിലും യാനത്തിന്റെ സഹായം തേടാൻ കഴിയുമായിരുന്നെന്നും ഈ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തകരാർ പരിഹരിക്കാൻ സാധിക്കാത്തതെന്തുകൊണ്ട്?
വിവിധ പരിശോധനകൾക്ക് ശേഷം വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ പറ്റിയതെന്നാണ് ബ്രിട്ടീഷുകാർ ആദ്യം അറിയിച്ചത്. ബ്രിട്ടീഷ് റോയൽ നേവിയിലെ സാങ്കേതിക വിദഗ്ധർ നന്നാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബ്രിട്ടനിൽ നിന്ന് വിദഗ്ധരെ എത്തിച്ചു, ഒടുവിൽ വിമാനത്തിന്റെ നിർമാതാക്കളായ അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയിലെ ഉദ്യോഗസ്ഥരെ പോലും കൊണ്ടുവന്നിട്ടും വിമാനം ശരിയാക്കാൻ സാധിച്ചില്ല. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയിലെ വിദഗ്ധരെ വിളിച്ചുവരുത്തിയത്, കേവലം കാലാവസ്ഥാ പ്രശ്‌നമോ ഇന്ധനക്കുറവോ ഹൈഡ്രോളിക് തകരാറോ സാധാരണ സാങ്കേതിക പ്രശ്നങ്ങളോ ആയിരുന്നില്ലെന്നാണ് പല ഏവിയേഷൻ വിദഗ്ധരും അനുമാനിക്കുന്നത്. ഒന്നുകിൽ വിമാനം യഥാർത്ഥ നിർമ്മാതാക്കൾക്കു മാത്രം അഴിക്കാവുന്ന രീതിയിൽ ‘പൂട്ടിയിട്ടിരിക്കുകയാണ്’. അല്ലെങ്കിൽ കമ്പനിയുടെ/അമേരിക്കയുടെ കർക്കശമായ സുരക്ഷാ പ്രോട്ടോക്കോളുകൾ കാരണമാകാം. അതായത്, വിമാനത്തിന്റെ നിർണായകമായ ഒരു സംവിധാനത്തിന് തകരാറുണ്ടായി, അല്ലെങ്കിൽ ആരോ മനഃപൂർവം തകരാറു വരുത്തി എന്നത് സാമാന്യയുക്തിയാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, ഈ “നിഗമനങ്ങൾക്ക്” ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല.
ഗൂഢാലോചനാ സിദ്ധാന്തങ്ങൾ
ഇതുമായി ബന്ധപ്പെട്ട് മറ്റ് ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അപമാനിക്കാനാണ് ബ്രിട്ടൻ ഈ പ്രശ്നം വലിച്ചുനീട്ടുന്നതെന്നും, നാറ്റോ അംഗരാജ്യങ്ങൾ പ്രതിരോധ ബജറ്റ് അഞ്ച് ശതമാനം വർധിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനുള്ള പ്രതികാരമാണിതെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞരെ F-35B പരിശോധിക്കാൻ ഇംഗ്ലണ്ട് അനുവദിച്ചുവെന്നും, ഇന്ത്യ അതിന്റെ സാങ്കേതികവിദ്യ ചോർത്തിയെടുത്തുവെന്നും മറ്റൊരു കഥയും പ്രചാരത്തിലുണ്ട്.
എന്തായാലും, F-35B-യുടെ ഈ അപ്രതീക്ഷിത “താമസവും” അത് നൽകുന്ന ദുരൂഹതകളും ഇപ്പോഴും സജീവമായ ചർച്ചാവിഷയമായി തുടരുകയാണ്.
F-35B fighter jet stuck in Thiruvananthapuram: The mysteries continue