ന്യൂഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് ഇന്ത്യന്‍ ഖജനാവിന് കോടികളുടെ സാമ്പത്തീക നഷ്ടമുണ്ടാക്കിയ ശേഷം അമേരിക്കയിലേക്ക് കടന്ന മോണിക്കാ കപൂറിനെ 26 വര്‍ഷത്തിനു ശേഷം അറസ്റ്റ് ചെയ്ത് ഇന്ന് രാത്രിയോടെ ഇന്ത്യയിലെത്തിക്കും. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിബിഐ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
വജ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭരണ ബിസിനസില്‍ വ്യാജ രേഖകള്‍ ചമച്ച് 679,000 യുഎസ് ഡോളര്‍ ഇന്ത്യന്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള കേസ്. രാജന്‍ ഖന്ന, രാജീവ് ഖന്ന എന്നീ സഹോദരങ്ങളുമായി ചേര്‍ന്നാണ് 1999 കളില്‍ മോണിക്ക തട്ടിപ്പ് നടത്തിയത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനായി വന്‍ നികുതി വെട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇന്തോ-അമേരിക്കന്‍ കൈമാറ്റ ഉടമ്പടി പ്രകാരം 2010 ല്‍ മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഭാരതം ഔദ്യോഗികമായി അഭ്യര്‍ഥിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയായി മോണിക്കയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചത്. അമേരിക്കയില്‍ നിന്ന് സിബിഐ സംഘം മോണിക്കയെ കസ്റ്റഡിയിലെടുത്തു. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച്ച രാത്രി ന്യൂഡല്‍ഹിയിലെത്തിക്കും.കോടതിയില്‍ ഹാജരാക്കി വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
Financial fraud worth crores by forging documents: Monica Kapoor, who entered the US decades ago, will be brought back to India today