ഷോളി കുമ്പിളുവേലി – പി.ആര്‍.ഒ. ഫോമ
പെന്‍സില്‍വേനിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ), ‘സഖി’ എന്ന പേരില്‍ ആദ്യമായി ദേശീയതലത്തില്‍ വനിതാ സംഗമം (വിമന്‍ സമ്മിറ്റ്) സംഘടിപ്പിച്ചുകൊണ്ട് പ്രവര്‍ത്തന രംഗത്ത് പുതിയൊരു ചരിത്രം കുറിക്കുന്നു. 2025 സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ പെന്‍സില്‍വേനിയയിലെ വില്‍ക്‌സ്-ബാരെയിലുള്ള വുഡ്ലാന്‍ഡ്സ് ഇന്‍ ആന്‍ഡ് റിസോര്‍ട്ടില്‍ വച്ചാണ് വനിതാസംഗമം നടക്കുക. ‘ശാക്തീകരിക്കുക, ഉയര്‍ത്തുക, നയിക്കുക’ എന്നതാണ് ഇക്കൊല്ലത്തെ വനിതാ സംഗമത്തിന്റെ പ്രമേയം.
സ്ത്രീകളുടെ നേട്ടങ്ങളും സൗഹൃദങ്ങളും ആഘോഷിക്കാനും, വെല്ലുവിളികളെ മറികടക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുന്നതിനുവേണ്ടി, സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍, സംരംഭകര്‍, പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലെ വനിതകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോമായുടെ ദേശീയ വനിതാ ഫോറം നേതൃത്വം നല്‍കുന്ന ഈ മഹാസംഗമം, പ്രവാസികളും അല്ലാത്തവരുമായ മലയാളി സ്ത്രീകളുടെ ശബ്ദം മലയാളിസമൂഹത്തിന്റെ ഉന്നമനത്തിനായി ഉയര്‍ന്നുകേള്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് നടപ്പാക്കുന്നത്.

വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സ്മിത നോബിന്റെ നേതൃത്വത്തില്‍, ഫോമാ ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, ഫോമാ നാഷണല്‍ വിമന്‍സ് ഫോറം ഭാരവാഹികളായ ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിന്‍ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവര്‍ ഈ സമ്മിറ്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നു.
‘വനിതാ സംഗമം’ സംഘടനയില്‍ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഫോമായുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, വനിതാ സംഗമത്തിലെ വരുമാനത്തിന്റെ ഒരു ഭാഗം ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സമൂഹ്യക്ഷേമം എന്നിവക്കും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് സമൂഹത്തിലെ ഏത് രംഗത്തെും സ്ത്രീ ശാക്തീകരണത്തിനു പ്രാധന്യം വര്‍ധിച്ചു വരുന്നതുകൊണ്ട് ഈ സംഗമത്തിലേക്കു ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു. സമൂഹിക നേതൃത്വം, സ്ത്രീ ശാക്തീകരണം, സാമൂഹീക നന്മ തുടങ്ങി ഒരു പുതിയ അധ്യായത്തിന്റെ ഭാഗമാകാനും, സഹജീവികളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഒപ്പം നില്‍ക്കുന്നതിനുവേണ്ടിയും അവര്‍ അഭ്യര്‍ത്ഥിച്ചു.
പരിപാടിയുടെ സവിശേഷതകള്‍:
- ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാഷണങ്ങള്‍.
2. നേതൃത്വം, സംരംഭകത്വം, ആരോഗ്യം, ക്ഷേമം, സാംസ്‌കാരിക സ്വത്വം എന്നിവയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍.
3. സ്ത്രീകളുടെ ഉന്നമനത്തിനും നേതൃപാടവത്തിനും നെറ്റ് വര്‍ക്കിങ്ങിനും സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍.
രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. www.fomaa.org/womenssummit2025 എന്ന വെബ്സൈറ്റിലൂടെ സീറ്റ് ബുക്ക് ചെയ്യാം. 2025 ഓഗസ്റ്റ് 1 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രീ ബുക്കിംഗ് ഡിസ്‌കൗണ്ട് ലഭ്യമാണ്.
ഈ മഹാസംഗമം വെറുമൊരു ഒത്തുചേരലല്ല, സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു സമ്മേളനമാണ് എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഒരു വനിതാസംഗമം സംഘടിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഫോമാ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി. ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ഇത് സ്ത്രീകളുടെ പ്രചോദനത്തിനും സഹകരണത്തിനും വളര്‍ച്ചയ്ക്കുമുള്ള വേദിയാണ്, എല്ലാ പശ്ചാത്തലങ്ങളിലുമുള്ള വനിതകളും ഇതിന്റെ ഭാഗമാകണമെന്നും അതുപോലെ പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും വനിതാ ഫോറം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു; ഒപ്പം സ്‌പോണ്‍സര്‍മാരോടുള്ള അഗാധമായ നന്ദിയും അവര്‍ അറിയിച്ചു.
Fomaa’s first women’s forum meet sakhi in September 26-28