ടെക്സസ്: മിനിയാപൊളിസിലെ വീടിനു മുന്നിൽ നിന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലാക്കിയ അഞ്ച് വയസ്സുകാരൻ ലിയാം കൊനെജോ റാമോസിനെയും പിതാവ് അഡ്രിയാനെയും ഉടൻ വിട്ടയക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഒരാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ലിയാമിനും കുടുംബത്തിനും കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. മിനിയാപൊളിസിലെ വീടിന് മുന്നിൽ മഞ്ഞിലൂടെ നടക്കുകയായിരുന്ന കുട്ടിയെയും പിതാവിനെയും ഇമിഗ്രേഷൻ ഏജന്റുമാർ അപ്രതീക്ഷിതമായി പിടികൂടുകയായിരുന്നു.
അവിടെനിന്ന് 1,300 മൈൽ അകലെയുള്ള ടെക്സസിലെ ‘ഡില്ലി’യിലുള്ള ഫാമിലി റെസിഡൻഷ്യൽ സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. കുടുംബങ്ങളെ തടങ്കലിൽ പാർപ്പിക്കാൻ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രമാണിത്. ചൊവ്വാഴ്ചയ്ക്കകം ഇരുവരെയും വിട്ടയക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇവരുടെ ഇമിഗ്രേഷൻ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നടപടി.
“ഭീകരമായ ഈ അനുഭവത്തിന് ശേഷം കുടുംബത്തിന് ഒന്നിക്കാനും സമാധാനം കണ്ടെത്താനും കഴിയുന്നതിൽ സന്തോഷമുണ്ട്,” എന്ന് കുടുംബത്തിന്റെ അഭിഭാഷകർ പ്രസ്താവനയിൽ അറിയിച്ചു. ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമേരിക്കയിലെ പുതിയ ഇമിഗ്രേഷൻ നയങ്ങൾക്കും കുടുംബങ്ങളെ വേർപിരിക്കുന്നതിനെതിരെയുമുള്ള പ്രതിഷേധങ്ങൾക്കിടയിലാണ് ഈ കോടതി വിധി വരുന്നത്. കുട്ടികളെ തടങ്കലിൽ പാർപ്പിക്കുന്നത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന മനുഷ്യാവകാശ സംഘടനകളുടെ വാദങ്ങൾ ശരിവെക്കുന്നതാണ് ഈ തീരുമാനം.















