പാരിസ്: യൂറോപ്യൻ യൂണിയനും അമേരിക്കയും ഞായറാഴ്ച ഒപ്പുവെച്ച പുതിയ വ്യാപാര കരാറിനെതിരെ ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റൂ കടുത്ത വിമർശനം ഉയര്‍ത്തി. ഇത് യൂറോപ്പിന് ഇരുണ്ട് ദിനമാണ് എന്ന് അദ്ദേഹം പറഞ്ഞു. “സ്വതന്ത്ര ജനത ഒത്തു ചേർന്ന് തങ്ങളുടെ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഉദ്ദേശിച്ചത്. പക്ഷേ, അവസാനം കീഴടങ്ങിയാല്‍ അത് ഭാവിയെ ഭീഷണിപ്പെടുത്തും,” എന്ന് ബെയ്‌റൂ തിങ്കളാഴ്ച എക്സിൽ കുറിച്ചു.
ഈ കരാർ അനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മിക്ക ഇറക്കുമതികൾക്കും 15 ശതമാനം വരെ താരിഫ് ചുമത്താനുള്ള മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ കരാറിനെ ആശ്വാസം എന്നു വിശേഷിപ്പിച്ചെങ്കിലും, ഇത് ആഘോഷിക്കാൻ പറ്റിയ കാര്യമല്ലെന്ന് തുറന്നടിച്ചു. യൂറോപ്യൻ പാർലമെന്‍റ് വ്യാപാര സമിതി ചെയർമാൻ ബെർൺഡ് ലാഞ്ച് കരാറിനെ തൃപ്തികരമല്ലാത്തത് എന്നും പക്ഷപാതപരമായ ഇളവുകൾ ഉൾക്കൊള്ളുന്ന ഒരു കരാർ എന്നുമാണ് വിശേഷിപ്പിച്ചത്.