വാഷിംഗ്ടൺ: ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിനായി ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിന് പകരക്കാരെ ട്രംപ് ഭരണകൂടം രഹസ്യമായി തേടുകയാണെന്ന് റിപ്പോർട്ട്. സ്പേസ് എക്സുമായി ട്രംപിന് പരസ്യമായ ഭിന്നതയുണ്ടായി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം. ട്രംപ് തന്റെ പ്രസംഗങ്ങളിൽ പലപ്പോഴും പരാമർശിച്ചിട്ടുള്ള മിസൈൽ പ്രതിരോധ കവചമായ ഗോൾഡൻ ഡോം നിർമ്മിക്കാൻ അടുത്തിടെ വരെ ട്രംപിന്റെ മുൻ രാഷ്ട്രീയ സഖ്യകക്ഷിയായ ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് ആയിരുന്നു പ്രധാന സാധ്യത.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, സ്പേസ് എക്സിന്റെ ഫെഡറൽ കരാറുകൾ വീണ്ടും പരിശോധിക്കാൻ ട്രംപിന്റെ സഹായികൾ പുതിയൊരു അവലോകനം ആരംഭിച്ചിട്ടുണ്ട്. അമിത ചെലവുകളോ പഴുതുകളോ കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഈ പുതിയ പരിശോധനയിൽ കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്പേസ് എക്സിന്റെ നിലവിലുള്ള കരാറുകളിൽ ഭൂരിഭാഗവും (നാസയുമായും പെന്റഗണുമായും ഉള്ളവ) കൈകടത്താൻ കഴിയാത്തത്ര നിർണായകമാണെന്ന് വിലയിരുത്തപ്പെട്ടു.
ഈ പിരിമുറുക്കങ്ങൾക്കിടയിലും, യുഎസ് സർക്കാർ മസ്കിന്‍റെ കമ്പനികളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. വർഷങ്ങളായി, സ്പേസ് എക്സിനും ടെസ്‍ലയ്ക്കും ശതകോടിക്കണക്കിന് പൊതുഫണ്ടുകളും കരാറുകളും പ്രയോജനം ചെയ്തിട്ടുണ്ട്. എന്നാൽ, ഗോൾഡൻ ഡോം പോലുള്ള ഭാവി പദ്ധതികളിൽ സ്പേസ് എക്സിന് പകരം ജെഫ് ബെസോസിന്റെ ആമസോൺ പിന്തുണയുള്ള പ്രോജക്ട് കൈപ്പർ ഉൾപ്പെടെയുള്ള എതിരാളികളെ പരിഗണിക്കാമോ എന്ന് ട്രംപിന്റെ സംഘം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.